പൊന്നമ്മയ്ക്കു തണലായി മാതൃസദനവും വിവേകാനന്ദ മെഡിക്കൽ മിഷനും
1247192
Friday, December 9, 2022 12:58 AM IST
അഗളി: ഷോളയൂരിലെ സ്വകാര്യ തോട്ടത്തിലെ ഷെഡിൽ ദുരിത ജീവിതം നയിച്ചിരുന്ന പൊന്നമ്മയ്ക്ക് മായന്നൂർ തണൽ മാതൃസദനവും സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനും തുണയായി. ഭർത്താവ് നേരത്തെ മരണപ്പെട്ട എഴുപതുകാരിയായ പൊന്നമ്മ രോഗ ബാധിതയുമാണ്. മക്കൾ വേണ്ടത്ര പരിചരണം നൽകിയിരുന്നില്ലെന്നു പറയുന്നു. കാപ്പി തോട്ടത്തിലെ ഷെഡ്ഡിൽ തനിച്ചു താമസിച്ചിരുന്ന വയോധികയ്ക്ക് സ്ഥലത്തെ അങ്കണവാടി അധ്യാപികയായ ശ്രീദേവി വല്ലപ്പോഴും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം.
അങ്കണവാടി ടീച്ചർ വൃദ്ധയുടെ ദുരിതാവസ്ഥ സാമൂഹ്യ പ്രവർത്തകനും സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ പിആർഒയുമായ രാകേഷ് ബാബുവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം വിവേകാനന്ദ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി. നാരായണന്റെ ഇടപെടലിൽ ഒറ്റപ്പാലം മായന്നൂർ തണൽ മാതൃസദനത്തിലേക്കു പൊന്നമ്മയെ മാറ്റുവാൻ തീരുമാനമായി. തങ്ങളുടെ സ്നേഹക്കൂടാരത്തിലേക്ക് ഒരമ്മയെ കൂടി ലഭിച്ച സന്തോഷത്തിലാണ് തണലിലെ അന്തേവാസികളും ഡയറക്ടർ കെ. ശശികുമാറും.
ഷോളയൂർ സിഐ വിനോദ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ്ഐ ഫൈസൽ കൊറോത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും വാർഡ് മെന്പർ ശാലിനി ബിനു കുമാറും രാകേഷ് ബാബുവും ചേർന്ന് പൊന്നമ്മയെ മായന്നൂർക്ക് യാത്രയാക്കി.