ക്വാറി, ക്രഷർ അനിശ്ചിതകാല പണിമുടക്ക്; നിർമാണമേഖല സ്തംഭിക്കുമെന്ന് ആശങ്ക
1262982
Sunday, January 29, 2023 12:48 AM IST
വടക്കഞ്ചേരി: ക്വാറി, ക്രഷർ മേഖലയിൽ 30 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുമെന്ന് ആശങ്ക. റോഡ് വികസനം, കെട്ടിട നിർമാണം തുടങ്ങി എല്ലാം നിശ്ചലമാകും. ക്വാറി, ക്രഷർ മേഖലയിലുള്ള കേരളത്തിലെ അഞ്ച് സംഘടനകളും സംയുക്തമായി ഏകോപന സമിതി രൂപീകരിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ക്വാറി, ക്രഷർ മേഖല അവശ്യ മേഖലയായിട്ടും സർക്കാർ അവഗണനയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ പീഡനങ്ങളുമാണ് പണിമുടക്കിന് ആധാരമെന്ന് അസോസിയേഷൻ ജില്ലാ ട്രഷറർ പി.ജെ. ജോഷി പറഞ്ഞു. ലൈസൻസുകൾ പുതുക്കി നൽകുന്നതിൽ മനപൂർവം കാലതാമസം വരുത്തി ഉണ്ടാക്കുന്ന ദ്രോഹനടപടികൾ ഏറെയാണ്. എന്തിനും ഏതിനും കുറ്റം കണ്ടെത്തി സംരംഭകരെ ഇല്ലാതാക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ടിപ്പർ, ടോറസ് എന്നിവയുടെ നിലവിലെ ബോഡി അളവിൽ കല്ല് കയറ്റിയാൽ അത് ഓവർലോഡാണെന്ന് പറഞ്ഞ് വൻ തുക പിഴ ചുമത്തി ഓട്ടം നിർത്തിക്കും.
എന്നാൽ ബോഡി ചെറുതാക്കി പണിത് ഓടിച്ചാൽ ആൾട്ടറേഷൻ ചെയ്തു എന്നു പറഞ്ഞ് അപ്പോഴും വേറെ പിഴ കൊടുക്കണം. ജിയോളജി വകുപ്പ് മുതൽ എല്ലാ വകുപ്പുകളുടെയും സാന്പത്തിക സ്രോതസാക്കി ക്രഷർ, ക്വാറി മേഖലയെ മാറ്റുന്നതായും അസോസിയേഷൻ ആരോപിക്കുന്നു. ക്രഷർ മേഖലയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ ഇന്നലെ അസോസിയേഷന്റെ ജില്ലയിലെ അംഗങ്ങൾ യോഗം ചേർന്നിരുന്നു. ക്രഷർ, ക്വാറി മേഖലയിൽ അനിശ്ചിതകാല പണിമുടക്ക് മുന്നിൽകണ്ട് കരിങ്കല്ല് ഉൽപ്പന്നങ്ങൾക്ക് വില ഉയർന്നു. വ്യവസായത്തെ നിലനിർത്താൻ ആവശ്യമായ സാഹചര്യം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് സമിതിയുടെ ആവശ്യം.