നവീകരിച്ച പാലം: ഗതാഗത അനുമതി ലഭിച്ചില്ലെങ്കിൽ ബസ് സർവീസ് മുടങ്ങും
1281489
Monday, March 27, 2023 1:01 AM IST
കൊല്ലങ്കോട് : ഈട്ടറ പാലത്തിലൂടെ ചെറുവാഹനങ്ങൾക്കു മാത്രമായി സർവീസ് നടത്താൻ അനുവദിച്ച നടപടിക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രധിഷേധം രേഖപ്പെടുത്തി. ജനുവരി എട്ട് മുതൽ കഴിഞ്ഞ് 80 ദിവസത്തോളമായി ഏഴു കിലോമീറ്ററോളം ചുറ്റിയാണ് ഈ മേഖലയിലെ ബസുകൾ ഓടുന്നത്. ബസുകൾക്ക് ഏകദേശം 1000 രൂപയോളം അധികം ഡീസൽ ചെലവ് വരുന്നുണ്ട്.
പൊതുവെ തകർന്നിരിക്കുന്ന സ്വകാര്യ ബസ് മേഖലക്ക് ഈ ബാധ്യത കൂടി താങ്ങാൻ കഴിയില്ല. സാധാരണകാരുടെ യാത്രമാർഗമായ ബസുകൾ ഇല്ലാതായാൽ സാധാരണകാരണായ യാത്രകാർക്കും വിദ്യാർഥികൾക്കും യാത്ര ചെയ്യാൻ കഴിയാതെ വരും. അതുകൊണ്ട് അധികാരികൾ ഈ പ്രശ്നം കണക്കിലെടുത്തുകൊണ്ട് ബസുകൾക്ക് കൂടി സർവീസ് നടത്തുവാൻ പാലം തുറന്നകൊടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ഏപ്രിൽ ഒന്നു മുതൽ ഈ മേഖലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുന്നതായി അറിയിച്ചു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ, ചിറ്റൂർ താലൂക്ക് ജോയന്റ് സെക്രട്ടറി കെ. ഗോപിനാഥ്, ബസ് ഉടമകളായ കൃഷ്ണനുണ്ണി, ടി.എം. അഭിരാമൻകുട്ടി, എസ്. പ്രവീണ്‍, പി.എൻ. ഇസ്മയിൽ, സുരേഷ് എന്നിവർ പ്രധിഷേധിച്ചു.