നേന്ത്രവാഴകർഷകർ പ്രതീക്ഷയിൽ
1283383
Sunday, April 2, 2023 12:21 AM IST
കല്ലടിക്കോട്: വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉത്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം.
വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്.
പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വിൽക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം.
മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു.
മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു.
മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി, മാൻ, കാട്ടാന, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യം മൂലം കർഷകർ പാടെ ഉപേക്ഷിച്ച നിലയിലാണ്.
ഇത് പ്രാദേശിക ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കി. ഇതാണ് ഇപ്പോഴത്തെ വില കയറ്റത്തിന് കാരണം.