ഫിലിം സിറ്റി പദ്ധതി ഉപേക്ഷിച്ചു; പദ്ധതി പ്രദേശം കാടു കയറി നശിക്കുന്നു
1297927
Sunday, May 28, 2023 3:16 AM IST
ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ സ്വപ്ന പദ്ധതിയായ ഫിലിം സിറ്റി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് പുറകെ പദ്ധതി പ്രദേശം കാട് മൂടി നശിക്കുന്നു. കാട് മൂടി വിഷജീവികളാലും ചെറു കാട്ടുമൃഗങ്ങളുടെയും കേന്ദ്രമാണ് ഇപ്പോൾ കണ്ണിയംന്പുറത്തെ നിർദ്ദിഷ്ട ഫിലിം സിറ്റി പ്രദേശം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി സർക്കാർ ഉപേക്ഷിച്ചതിന് കാരണം ജനപ്രതിനിധികളുടെ നിഷ്ക്രിയത്വം മൂലമാണ്.
സിനിമാലോകത്ത് വൻ പ്രതീക്ഷകൾ ഉയർത്തിയാണ് ഒറ്റപ്പാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ഫിലിം സിറ്റി പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഫിലിം സിറ്റിക്ക് പകരം രണ്ട് തിയേറ്ററുകൾ പണിയാനാണ് പിന്നീട് തീരുമാനിച്ചത്. ഇതോടു കൂടി താളപിഴകൾ തുടങ്ങി. കണ്ണിയംപുറത്ത് ഫിലിംസിറ്റിക്കായി കണ്ടെത്തിയ സ്ഥലത്തു തന്നെയാണ് തിയേറ്ററുകൾ പണിയാൻ തീരുമാനിച്ചത്. 2011ലെ ബജറ്റിൽ ഒറ്റപ്പാലം ഫിലിം സിറ്റിയുടെ പ്രാരംഭ നടപടികൾക്കായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടർന്ന് ബജറ്റിൽ ഒരു കോടി രൂപയും പദ്ധതിക്കായി അനുവദിച്ചു.
വടക്കൻ കേരളത്തിലെ സിനിമാനിർമാണത്തിന് ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക കേന്ദ്രം എന്ന നിലയിലാണ് ഇതിന്റെ തുടക്കമുണ്ടായത്. 2015ൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായിരുന്ന ഐ.വി. ശശിയുടെ നേതൃത്വത്തിൽ 17.5 കോടി രൂപയുടെ പദ്ധതി രേഖയും സമർപ്പിച്ചിരുന്നു. എന്നാൽ ഈ പദ്ധതിരേഖ പാടെ ഒഴിവാക്കി രണ്ട് തിയേറ്ററുകളടങ്ങുന്ന കോംപ്ലക്സ് മാത്രമാണ് നിർമിക്കാൻ പിന്നീട് തീരുമാനമുണ്ടായത്. എന്നാൽ വർഷങ്ങളായി ഒറ്റപ്പാലത്ത് ഫിലിം സിറ്റി വരുന്നുവെന്ന പ്രചാരണമാണ് നിലനിന്നിരുന്നത്. പവർ ക്യാമറ യൂണിറ്റുകൾ, സൗണ്ട് പ്രൂഫ് ഷൂട്ടിംഗ് ഫ്ളോർ, റെക്കോർഡിംഗ് സ്റ്റുഡിയോ, സംസ്ഥാനത്തെ രണ്ടാമത്തെ ഫിലിംസിറ്റി എന്നതായിരുന്നു പ്രചാരണം.
കിഫ്ബി പദ്ധതിയിലൂടെ ഫണ്ട് ഇതിനായി അനുവദിച്ചിട്ടുമുണ്ടായിരുന്നു. തിയേറ്റർ കോംപ്ലക്സിനായാണ് സംസ്ഥാന ബജറ്റിൽ 25 കോടി പ്രഖ്യാപിച്ചത്. ഒറ്റപ്പാലത്തുള്ള സിനിമ ചിത്രീകരണം ഗണ്യമായി കുറഞ്ഞതാണ് ഫിലിം സിറ്റി എന്ന പദ്ധതി മാറ്റിമറിക്കപ്പെടാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. തീയേറ്റർ കോംപ്ലക്സിന്റെ നിർമാണചുമതലയുള്ള കെഎസ്എഫ്ഡിസി പദ്ധതിരേഖ സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പദ്ധതിരേഖ തയ്യാറാക്കിയിരുന്നില്ല.
എന്നാൽ പടിപടിയായി പിന്നീട് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. നിർമാണത്തിനായി ഏറ്റെടുത്ത കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലവും പരിസരവും ഇപ്പോൾ മാലിന്യം കൊണ്ടും കാടും,പൊന്തയും വളർന്ന് നശിക്കുകയാണ്. 200 പേർക്കിരിക്കാവുന്ന ഒരു തീയേറ്ററും 100 പേർക്കിരിക്കാവുന്ന മറ്റൊരു തീയേറ്ററുമാണ് നിർമിക്കാൻ അവസാനം തീരുമാനിച്ചതെങ്കിലും ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതിയാണ്. മൂന്നാമതൊരു തീയേറ്ററിനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്സൾട്ടൻസി ഓർഗനൈസേഷൻ എന്ന കിറ്റ്കോയാണ് പദ്ധതി രേഖയുടെ ചുമതലക്കാരായുണ്ടായിരുന്നത്. എന്നാൽ പദ്ധതിയുടെ രൂപരേഖ പോലും തയാറാക്കിയില്ലെന്നുള്ള യാഥാർഥ്യം തിരിച്ചറിയുന്പോൾ തന്നെ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന യാഥാർഥ്യം ആർക്കും വ്യക്തമാവും.
ഫിലിം സിറ്റി എന്ന ആശയം ഇപ്പോൾ പരിഗണനയിലില്ലെന്നാണ് ചലചിത്ര വികസന കോർപ്പറേഷൻ അധികൃതർ തന്നെ പറയുന്നത്. ഒറ്റപ്പാലം തീയേറ്റർ കോംപ്ലക്സ് നിർമിക്കാനും ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നാണ് ലഭ്യമായ വിവരം.