കുന്തിപ്പുഴയിലെ മണ്ണും ചെളിയും നീക്കംചെയ്യാൻ നിർദേശം
1335264
Wednesday, September 13, 2023 1:11 AM IST
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന രീതിയിൽ മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത് നീക്കം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മണ്ണാർക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ നിർദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചു.
കൈതച്ചിറയിലെ ശ്മശാന ഭൂമി സംബന്ധിച്ച് വിശദ പരിശോധന നടത്തിയെന്നും തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും സ്ഥലം സന്ദർശിച്ച് നടപടിക്കായി സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മണ്ണാർക്കാട് തഹസിൽദാർ യോഗത്തിൽ അറിയിച്ചു.
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് അനധികൃതമായി തെങ്ങ് വെച്ചത് നീക്കുന്നതിന് നോട്ടീസ് നൽകാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു. കണ്ടമംഗലം ഭാഗത്തെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് ഫെൻസിംഗ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും പട്രോളിംഗ് നടത്തുന്നുണ്ടെന്നും വനം വകുപ്പ് പ്രതിനിധി അറിയിച്ചു.
താലൂക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന താലൂക്ക് തല വികസന സമിതി യോഗത്തിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനായി.
തഹസിൽദാർ എസ്. ശ്രീജിത്ത്, മണ്ണാർക്കാട് നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര പങ്കെടുത്തു.