ഷൊർണൂർ സിപിഎമ്മിൽ വിഭാഗീയതയുടെ പോർമുഖം: അഴിമതി പാരകളുമായി നേതാക്കൾ
1337700
Saturday, September 23, 2023 1:45 AM IST
ഷൊർണൂർ: ഷൊർണൂരിലെ സിപിഎമ്മിൽ വിഭാഗീയതയുടെ കനലുകളണയുന്നില്ല. കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ വായ്പാ ക്രമക്കേടുകൾ പുറത്തുവരാൻ ഇടയാക്കിയത് പാർട്ടിക്കുള്ളിലെ വിഭാഗീയത.
സിപിഎമ്മിൽ മണ്ണാർക്കാട്ടും ചെർപ്പുളശേരിയിലും ഷൊർണൂരിലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോഴും സജീവമാണെന്നാണ് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഷൊർണൂർ ബാങ്ക് വായ്പാ വിഷയം പുറത്തുചാടിച്ചത് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളാണെന്നാണ് വിമർശനം.
ആരോപണത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. വായ്പാ വിതരണത്തിൽ ക്രമക്കേടുകൾ ഉണ്ടോ, ആസ്തികൾ കൃത്യമാണോ എന്നതു സംബന്ധിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖയാണ് അന്വേഷിക്കുക.
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും ബന്ധുക്കൾക്കും ക്രമവിരുദ്ധമായി നൽകിയ വായ്പകൾ വിവാദമായ പശ്ചാത്തലത്തിലാണു മുഖം രക്ഷിക്കാൻ പാർട്ടി അന്വേഷണം തീരുമാനിച്ചത്. എന്നാൽ, അർബൻ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ പാർട്ടി അന്വേഷണം നടത്തി അഴിമതിക്കാരെ രക്ഷിച്ചെടുക്കാൻ കഴിയില്ല. അതേസമയം, ബാങ്കിലെ വായ്പാ വിതരണത്തിലെ പ്രശ്നങ്ങൾ നേരത്തേ തന്നെ ആർബിഐ ചൂണ്ടിക്കാണിച്ചിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ നൽകുന്ന സൂചന.
തിരിച്ചടവില്ലാതെ നിഷ്ക്രിയ ആസ്തിയായ വായ്പകൾ തിരികെ പിടിക്കാൻ ആർബിഐ നിർദേശം നൽകുകയും ചെയ്തിരുന്നു. 11 വായ്പകളിലായി ഏഴു കോടി രൂപയാണു തിരിച്ചടവു മുടങ്ങിയത്.
കഴിഞ്ഞ ജൂലൈയിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തുകയും തിരിച്ചടവിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്നു നിർദേശം നൽകുകയും ചെയ്തു.
തുടർന്നാണ് ടോപ് 20 വിഭാഗത്തിൽപെടുന്ന വായ്പകൾ ‘റിസ്കി ലോൺ’ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചടപ്പിക്കാൻ നിർദേശം നൽകിയത്. മാർച്ച് വരെ കൃത്യമായി അടച്ച, ഒരേ കുടുംബത്തിൽ പലർക്കായി കൊടുത്ത 11 വായ്പകൾ ഉൾപ്പെടെ 32 വായ്പകൾ സംബന്ധിച്ചു സർഫാസി അനുസരിച്ചു ജപ്തിയും തിരിച്ചടവിനു നടപടികളും ബാങ്ക് തുടങ്ങിയതായി അറിയുന്നു.
ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ചു പല തലങ്ങളിൽ നിന്നും സഹകരണ വകുപ്പിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തുകയും വിശദമായ അന്വേഷണം വേണമെന്നു ജോയിന്റ് റജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സഹകരണ ഇൻസ്പെക്ടറോടു വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രാദേശിക സിപിഎം നേതാവിന്റെ ബന്ധുക്കൾക്കു മതിയായ ഈടില്ലാതെയാണു വായ്പ നൽകിയതെന്നാണു സൂചന.
ജപ്തിനടപടികൾ സ്വീകരിച്ചാൽ പോലും ബാങ്കിന്റെ നഷ്ടം ഈടാക്കാൻ കഴിയില്ല.
കരുവന്നൂർ ബാങ്ക് വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ വലിയ സഹകരണ സ്ഥാപനങ്ങളുടെ ചുമതല ജില്ലാ കമ്മിറ്റി അംഗങ്ങൾക്കു നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗം എം.ആർ.മുരളിക്കാണ് ഷൊർണൂർ അർബൻ ബാങ്കിന്റെ ചുമതല.
ബാങ്ക് വിഷയം ഷൊർണൂരിൽ കടുത്ത ഗ്രൂപ്പുപോരിലേക്ക് വാതിൽ തുറന്നിട്ടുണ്ട്.