ലോക വയോജനദിനം സ്പെഷൽ കൃഷി കാര്യങ്ങളിൽ രാമകൃഷ്ണസ്വാമിക്കും ശങ്കരൻ സ്വാമിക്കും പ്രായം പ്രശ്നമല്ല
1339538
Sunday, October 1, 2023 1:33 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കൃഷി കാര്യങ്ങളിൽ വടക്കഞ്ചേരി പടിഞ്ഞാറെകളം സ്വാമിമാർക്ക് പ്രായമൊന്നും പ്രശ്നമല്ല. കൃഷിയാണ് 74 പിന്നിട്ട രാമകൃഷ്ണസ്വാമിയുടെയും 69 ലെത്തിയ അനുജൻ ശങ്കരൻ സ്വാമിയുടെയും ആത്മാവ്. കൃഷിയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇവർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
വലിയ ശമ്പളം ഉണ്ടായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ച് ഇരുവരും കൃഷിയിലേക്ക് ഇറങ്ങിയതും ഇതുകൊണ്ടുതന്നെയാണ്. വീടിനു പുറകിൽ വടക്കഞ്ചേരി പാടശേഖരത്തിലെ ജൈവ നെൽകൃഷിയിലൂടെയാണ് ഇന്ന് സ്വാമിമാർ നാട്ടിലും വിദൂര ദേശങ്ങളിലുമെല്ലാം അറിയപ്പെടുന്നത്. പാടശേഖരത്തിലെ 41 ഏക്കറിലും പൂർണമായും ജൈവകൃഷിരീതികളാണ്.
20 കർഷകരുടെ കൂട്ടായ്മയാണിത്. മണ്ണിനെ നശിപ്പിച്ച് മനുഷ്യർക്ക് മാരകരോഗങ്ങൾ വരുത്തിവക്കുന്ന കൃഷിരീതികൾക്കൊന്നും ഇവർ കൂട്ടുനിൽക്കില്ല. പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ കുറിച്ച് കൃഷിവകുപ്പും സർക്കാരുകളുമെല്ലാം ചിന്തിക്കുന്നതിന് പതിറ്റാണ്ടുകൾക്കു മുമ്പേ പടിഞ്ഞാറെ കളത്തിലെ കൃഷിയിടങ്ങളെല്ലാം അത്തരം കൃഷി രീതികളിലേക്ക് മാറിയിരുന്നു.
വീട്ടുവളപ്പിലുമുണ്ട് പച്ചക്കറി ഉൾപ്പെടെയുള്ള ഹരിതഭംഗിയുടെ മഹാശോഭ. സഹോദര സ്നേഹത്തിന്റെ പരിപൂർണമായ പരിശുദ്ധിയും വിശുദ്ധിയും നേരിട്ട് അനുഭവിച്ചറിയണമെങ്കിലും സ്വാമിമാർക്കൊപ്പം പത്തു മിനിറ്റ് ചെലവഴിച്ചാൽ മതി. ഒന്നിച്ചാണ് ഇവർ താമസം.
കൃഷിയിടത്തിലേയും കുടുംബത്തിലേയും ഏത് ചെറിയ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. കൃഷി വിജയങ്ങളുടെയും സംതൃപ്തമായ കുടുംബ ജീവിതത്തിന്റെയും രഹസ്യവും ഇതുതന്നെ.
ജൈവ നെൽകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ നെൽകതിർ അവാർഡും വടക്കഞ്ചേരി പാടശേഖരത്തിന് ലഭിച്ചിരുന്നു. അനുജൻ ശങ്കരൻ സ്വാമിയാണ് പാടശേഖര പ്രസിഡന്റ്. നെല്ല് മുഴുവൻ അരിയാക്കിയും മറ്റു അരി ഉത്പന്നങ്ങളുമായാണ് വില്പന നടത്തുന്നത്. ഇതിന്റെയെല്ലാം വിശ്വാസ്യതയ്ക്ക് ആധാരവും ഈ സ്വാമിമാർ തന്നെയാണ്.