വിഷുദിനത്തിൽ കാർഷിക സമൃദ്ധിക്കായി ചാലിടൽ നടത്തി
1416829
Wednesday, April 17, 2024 1:53 AM IST
നെന്മാറ: നൂറുമേനി വിളവുനേടാൻ നെല്ലറയുടെ മണ്ണിൽ വിഷുദിനത്തില്‍ ഭൂമിപൂജ. കർഷകനും തൊഴിലാളികളും ഒത്തുചേരുന്ന പരമ്പരാഗത കൃഷി ആചാരമായ ചാലിടൽ ചടങ്ങ് ഇന്നും പാലക്കാടൻ പാടങ്ങളിലുണ്ട്.
ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുള്ള കൃഷി യാതൊരു തടസവും കൂടാതെ നൂറുമേനി ലഭിക്കണമെന്നും പ്രാര്‍ഥിച്ചാണ് ചാലിടല് ചടങ്ങ്. ചാലിടൽ ചടങ്ങ് എന്ന വിഷുദിനത്തിലെ പരമ്പരാഗത കൃഷി ആചാരം ഇന്നും മുറതെറ്റാതെ പാലക്കാടൻ പാടങ്ങളിൽ കാണാം. കരിമ്പാറ ചെട്ടികുളമ്പ് കളം സേതുമാധവന്റെ വീട്ടിലും കൃഷിയിടത്തിലുമായാണ് ചടങ്ങ് നടന്നത്. കാഞ്ഞിരത്തിന്റെ ഇല കൊണ്ട് കുമ്പിളുണ്ടാക്കി കുമ്പിളിൽ വിത്ത് നിറച്ച് പുതിയ വട്ടിയിലേക്ക് വിത്ത് ഇടുന്നതിലൂടെ വിത്തളക്കൽ തുടങ്ങുന്നു. പിന്നീട് വട്ടിയിലാക്കിയ വിത്തും ആയുധങ്ങളുമായി കര്‍ഷകരും തൊഴിലാളികളും പാടത്തേക്ക് വരുന്ന കൃഷി പുറപ്പാട്. പാടത്തിന്റെ വലത്തേ മൂലയിലാണ് ചാലിടൽ ചടങ്ങ്. മണ്ണിളക്കി നിലവിളക്ക് കത്തിച്ച് ഭൂമി പൂജ നടത്തുകയാണ് ആദ്യപടി. പിന്നീട് കുമ്പിളുകളിൽ നിറച്ചിരിക്കുന്ന വിത്തുകള്‍ എല്ലാവരും മണ്ണില്‍ വിതറുന്നു. കരുതിവെച്ച വിത്തിൻെറ ഗുണമേന്മ പരിശോധന കൂടിയാണ് ചാലിടൽ.
100 വിത്തിൽ എത്ര എണ്ണം മുളച്ചു എന്ന് തിട്ടപ്പെടുത്തിയാൽ ഒരുപറക്ക് എത്ര അളവിൽ വിതയ്ക്ക് വിത്തിറക്കണമെന്ന് കർഷകർ കണക്കാക്കും. പൂർവികരുടെ ആചാരത്തിൻെറ പൊരുൾ വരുംതലമുറക്ക് മനസിലാക്കി കൊടുക്കുക എന്ന ദൗത്യം കൂടി ഇത്തരം അനുഷ്ഠാനങ്ങളിൽ അടങ്ങിയിരിക്കുന്നു. വിത്തിറക്കല്‍ ഉത്സവത്തിന് വെടിക്കെട്ടും പതിവാണ്. പരമ്പരാഗത ചാലിടൽ കർമത്തിന് ശേഷം കുടുംബ കാരണവർ കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും മറ്റും കൈനീട്ടം നൽകി. പൂജാ പ്രസാദവും വിതരണം നടത്തി.