ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽസമരം
1425445
Tuesday, May 28, 2024 1:49 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ സമരം യാത്രക്കാരെ വലച്ചു. സമരം നടത്തി ജനങ്ങളെ വലച്ച ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. ബസ് സ്റ്റാന്റിൽ കെട്ടിടത്തിനഭിമുഖമായി ബസുകൾ നിർത്തിയിടണമെന്ന നഗരസഭാ തീരുമാനത്തിനെതിരേ സമരം നടത്തിയ ചില ബസുടമകളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ. ജാനകീദേവി ഉച്ചക്കുശേഷം വിളിച്ചു ചേർത്ത യോഗത്തിലും ബസുടമകൾ മുൻ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച അലസി. ഇതിനിടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസിയുടെ അധിക സർവീസിനായി ചെയർപേഴ്സൺ പാലക്കാട് ഡിപ്പോ അധികൃതരുമായി ബന്ധപ്പെട്ട് മൂന്ന് ബസ് സർവീസുകൾക്ക് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരത്തോടുകൂടി ചില സ്വകാര്യ ബസുകൾ സമരത്തിൽ നിന്നും പിൻമാറി സർവീസ് നടത്താനെത്തിയത് യാത്രികർക്ക് ആശ്വാസമായി. എന്നാൽ ഭൂരിഭാഗം ബസുടമകളും മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
അതേസമയം ബസ് സ്റ്റാൻഡിലെ തുടരെയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പരിഷ്കാരമെന്നും തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലന്നുമാണ് നഗരസഭാധികൃതരുടെ തീരുമാനം. ഇന്നലെ രാവിലെയാണ് സ്വകാര്യ ബസുകൾ മിന്നൽ സമരം പ്രഖ്യാപിച്ചത്.
ഇതോടു കൂടി പോലീസും മോട്ടോർ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ബസ് അധികൃതർ വഴങ്ങിയില്ല. ഒറ്റപ്പാലം - ത്യശൂർ, ഗുരുവായൂർ- ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട ആയിരകണക്കിന് യാത്രക്കാർ മിന്നൽ സമരം മൂലം പെരുവഴിയിലായി.