നല്ലേപ്പിള്ളിയിൽ വിത്തിട്ട വയലുകളിൽ പന്നിക്കൂട്ടം നാശം വരുത്തി
1430741
Saturday, June 22, 2024 1:19 AM IST
ചിറ്റൂർ: മൂച്ചിക്കുന്ന് പാടശേഖര സമിതിയിൽ ഒന്നാം വിള നെൽകൃഷിക്ക് ഞാറ്റടി തയാറാക്കിയ പാടങ്ങളിൽ പന്നിക്കൂട്ടമിറങ്ങി നാശം വരുത്തി. ഞാറ്റടി തയാറാക്കി നെൽവിത്തുപാകി നാലാം ദിവസം തുറന്ന് നെല്ല് മുളപൊട്ടുന്ന സമയത്താണ് പന്നിക്കൂട്ടമിറങ്ങി നാശം വരുത്തുന്നത്.
പന്നികളുടെ നൂറു കണക്കിന് കാലടികളാണ് ഞാറ്റുപാടത്തിൽ പതിഞ്ഞു കാണപ്പെടുന്നത്. പന്നിയുടെ ചവിട്ടേറ്റ സ്ഥലങ്ങളിൽ വിത്ത് ഒരടിയോളം ചേറിൽ താഴ്ന്നു.
ഈ വിത്ത് മുളച്ചാലും അത് വലിച്ചെടുക്കാൻ പണി മൂന്നിരട്ടിയാകും. ചവിട്ടടിയിൽ വെള്ളം കെട്ടിനിൽക്കുന്നതും വിത്തിന് നാശം വരുത്തും. മഴ പെയ്തു തുടങ്ങിയാൽ ഞാറു പാകാനും പറ്റില്ലെന്നതും കർഷകരെ വിഷമിപ്പിക്കുന്നു.