വടക്കഞ്ചേരി മംഗലം പാലത്തിനടുത്ത് ഇരുട്ടിന്റെ അപകടക്കെണി
1431228
Monday, June 24, 2024 1:35 AM IST
വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്കു മുന്നിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡിൽ വെളിച്ചമില്ല. പോസ്റ്റുകൾനാട്ടി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൾബുകളൊന്നും തെളിയുന്നില്ല.
രാത്രിയിലെ വെളിച്ചക്കുറവ് അപകടങ്ങൾക്കും കാരണമാവുകയാണ്. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്നും ദേശീയപാതയിലേക്ക് കയറേണ്ട വാഹനങ്ങൾ വഴിയറിയാതെ വലതുവശത്തെ റോഡിൽ കയറി ദേശീയപാതയിലേക്ക് പ്രവേശിക്കും. ഇതു ദേശീയപാതയിൽ നിന്നും സംസ്ഥാനപാതയിലേക്ക് തിരിഞ്ഞുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമാവുകയാണ്.
ബൈപ്പാസ് റോഡിന്റെ തുടക്കത്തിലുള്ള ഡിവൈഡർ വാഹനങ്ങൾ ഇടിച്ച് കുറെ ഭാഗങ്ങൾ ചാലിലാണ്. വാഹനങ്ങൾ തിരിയുന്നിടത്തു തന്നെ ഇപ്പോൾ കുഴികളുമുണ്ട്. കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിച്ചെടുക്കുന്നതും അപകടം ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞദിവസം കോളജ് ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് ഇവിടെ അപകടമുണ്ടായി. ആർക്കും പരിക്കേറ്റില്ല. എൻജിനീയർമാർ ചുറ്റും നിന്ന് പലതവണ റിപ്പയർ വർക്ക് നടത്തിയ ഭാഗത്താണ് വീണ്ടും കുഴികൾ വലുതാകുന്നത്. 30 മീറ്റർ ദൂരം റോഡ് നന്നാക്കാൻ 50 ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ വെള്ളക്കെട്ടും റോഡ് തകർച്ചയുമാണ്.