കൊള്ള​യ്ക്കി​ര​യാ​യി റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍; റ​ബ​റി​ന് തു​ട​ര്‍​ച്ച​യാ​യ തി​രി​ച്ച​ടി
Wednesday, September 18, 2024 1:27 AM IST
ക​ല്ല​ടി​ക്കോ​ട്‌: തു​ട​ര്‍​ച്ച​യാ​യി ന​ഷ്ടം നേ​രി​ട്ട് റ​ബ​ര്‍ വി​പ​ണി. ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യി ഒ​ട്ടു​പാ​ല്‍ വി​ല്‍​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍. ക്ര​ബ് വ്യ​വ​സാ​യി​ക​ളും ഒ​ട്ടു​പാ​ലി​ന് വി​ല​യി​ടി​ച്ച് ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി. കി​ലോ​യ്ക്ക് 155 രൂ​പ വ​രെ ഉ​യ​ര്‍​ന്ന ഒ​ട്ടു​പാ​ലി​ന് വി​ല 110ന് ​അ​ടു​ത്താ​ണ് നി​ല​വി​ല്‍ വി​ല.

ഉ​ത്പാ​ദ​നചെല​വ് വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ചെല​വു കു​റ​ഞ്ഞ ഒ​ട്ടു​പാ​ലി​ലേ​ക്കു ക​ര്‍​ഷ​ക​ര്‍ ചു​വ​ടു​മാ​റ്റി​യ​ത്. എ​ന്നാ​ല്‍ വി​ല ഉ​യ​ര്‍​ന്നു നി​ന്നി​ട്ടും ന്യാ​യ​മാ​യ വി​ല നല്‍​കാ​ന്‍ പോ​ലും വ്യ​വ​സാ​യി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. റ​ബ​റി​ന് വി​ല വ​ര്‍​ധി​ച്ച​പ്പോ​ള്‍ ഒ​ട്ടു​പാ​ലി​നും സ​മാ​ന​മായി വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. പ​ക്ഷേ, റ​ബ​റി​ന് വി​ല കു​റ​യും മു​ന്പുത​ന്നെ ഓ​ട്ടു​പാ​ല്‍ വി​ല കൂ​പ്പുകു​ത്തി.

പി​ന്നാ​ലെ റ​ബ​ര്‍ വി​ല​യും കു​റ​യു​ക​യും ചെ​യ്തു. റിക്കാ​ര്‍​ഡ് വി​ല​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന റ​ബ​ര്‍വി​ല ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് കി​ലോ​ക്ക് 229 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ റ​ബ​ര്‍വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. 247 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല. 255 രൂ​പ​യ്ക്കു വ​രെ വി​ല്പന ന​ട​ന്ന സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.


2011-12 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ആ​ര്‍എ​സ്എ​സ് നാ​ലി​ന് കി​ലോ​ക്ക് ല​ഭി​ച്ച 243 രൂ​പ​യാ​യി​രു​ന്നു അ​തു​വ​രെ ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക്. ഇ​താ​ണ് മ​ടി​ക​ട​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ റ​ബ​ര്‍ ഷീ​റ്റി​ന് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ 255 രൂ​പ​യ്ക്കു​വ​രെ കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ല്‍ വ്യാ​പാ​രം ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും കൈ​വ​ശ​മു​ള്ള സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​നാ​യി വ്യ​വ​സാ​യി​ക​ള്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​തോ​ടെ​യാ​ണ് വി​ല ഇ​ടി​ഞ്ഞ​ത്.

ഇ​തി​നു​പി​ന്നാ​ലെ ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ഇ​റ​ക്കു​മ​തി​ക്കാ​യി ബു​ക്ക് ചെ​യ്തി​രു​ന്ന ച​ര​ക്ക് എ​ത്തു​ക​കൂ​ടി ചെ​യ്ത​തോ​ടെ വി​ല പി​ന്നെ​യും ഇ​ടി​ഞ്ഞു. ക​ണ്ടെ​യ്ന​ര്‍-​ക​പ്പ​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ​യാ​ണ് റ​ബ​ര്‍ ഇ​റ​ക്കു​മ​തി നി​ല​ച്ച​ത്. അ​ടു​ത്തി​ടെ ക​ണ്ടെ​യ്ന​ര്‍ ക്ഷാ​മ​ത്തി​ന് അ​യ​വ് വ​ന്ന​തോ​ടെ ട​യ​ര്‍ ക​മ്പ​നി​ക​ള്‍ റ​ബ​ര്‍ ഇ​റ​ക്കു​മ​തി വീ​ണ്ടും സ​ജീ​വ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് വി​ല​യി​ടി​വി​ലേ​ക്ക് ന​യി​ച്ച​ത്.