സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിൽ പ്രതീകാത്മകസമരം
1566002
Tuesday, June 10, 2025 1:49 AM IST
പാലക്കാട്: ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ആശുപത്രി വികസനസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ പ്രതീതാത്മക പ്രതിഷേധം നടത്തി.
അത്യാസന്നനിലയിൽ ജില്ലാ ആശുപത്രിയിലെത്തിയ രോഗിയെ തൃശൂരിലേക്ക് റഫർ ചെയ്യുന്നതാണ് പ്രതീതാത്മകമായി ദൃശ്യവത്കരിച്ചത്. പാലക്കാടിന്റെ ആരോഗ്യം വെന്റിലേറ്ററിലാണ് എന്ന പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. രോഗികളുടെ ദുരിതം സംബന്ധിച്ച് ആരോഗ്യമന്ത്രി, വകുപ്പ് ഡയറക്ടർ അടക്കം ഉന്നതാധികാരികൾക്കു നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് സമരവുമായി രംഗത്തെത്തിയത്.
ആശുപത്രി വികസനസമിതി അംഗങ്ങളായ വാർഡ് കൗൺസിലർ അനുപമ പ്രശോഭ്, ബോബൻ മാട്ടുമന്ത, പി.കെ. മാധവവാര്യർ, മണികണ്ഠൻ പുത്തൂർ, സി. കിദർ മുഹമ്മദ്, എം. പ്രശോഭ്, ഹരിദാസ് മച്ചിങ്ങൽ, സജീവൻ പൂവക്കോട്, വി.പി .ദീപ്തി, വി. വൈശാഖ്, നവാസ് മാങ്കാവ്, കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.