കൊലപാതകനിരക്കിൽ മുന്നിൽ വാഷിംഗ്ടൺ ഡിസി
Tuesday, August 12, 2025 1:36 PM IST
ന്യൂയോർക്ക്: 2024ൽ ലോകനഗരങ്ങളിലെ ഏറ്റവും ഉയർന്ന കൊലപാതകനിരക്ക് വാഷിംഗ്ടൺ ഡിസിയിലാണെന്ന് വൈറ്റ് ഹൗസ്. ഡൽഹി, ഇസ്ലാമാബാദ്, പാരീസ്, ലണ്ടൻ തുടങ്ങി ലോകമെമ്പാടുമുള്ള നഗരങ്ങളിലെ കൊലപാതകനിരക്കുകൾ ഉദ്ധരിച്ചാണ് വൈറ്റ്ഹൗസിന്റെ റിപ്പോർട്ട്.
ബൊഗോട്ട, മെക്സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് വാഷിംഗ്ടൺ ഡിസിയിലെ കൊലപാതകനിരക്ക് കൂടുതലാണ്. നഗരത്തെ സുരക്ഷിതമാക്കണമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വൈറ്റ് ഹൗസ് കുറിച്ചു.
2024ൽ ഒരു ലക്ഷം പേരിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു എന്നതിന്റെ ചാർട്ട് വൈറ്റ് ഹൗസ് പുറത്തിറക്കി. 27.54 എന്ന കൊലപാതകനിരക്കുമായി യുഎസ് തലസ്ഥാനം പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ബൊഗോട്ട (15.1), മെക്സിക്കോ സിറ്റി (10.6), ഇസ്ലാമാബാദ് (9.2), ഒട്ടാവ (2.17), പാരീസ് (1.64), ഡൽഹി (1.49), ലണ്ടൻ (1.1) എന്നിവയാണു പട്ടികയിലുള്ള മറ്റു നഗരങ്ങൾ.
വാഷിംഗ്ടൺ ഡിസിയിൽ ക്രമസമാധാനപാലനവും പൊതുസുരക്ഷയും പുനഃസ്ഥാപിക്കുന്നതിന് നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നഗരം ഇനി നിയമവിരുദ്ധ വ്യക്തികളുടെ സങ്കേതമായിരിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
പ്രാദേശിക, ഫെഡറൽ നിയമ നിർവഹണത്തെ സഹായിക്കാൻ 800 നാഷണൽ ഗാർഡുകളാണ് തലസ്ഥാനത്ത് എത്തുക. അതേസമയം വരുന്ന ആഴ്ചയ്ക്കുള്ളിൽ യൂണിറ്റുകൾ തലസ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.