ഡാളസിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം സംഘടിപ്പിച്ചു
Monday, August 25, 2025 3:25 PM IST
ഡാളസ്: യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമസ് അപ്പൊസ്തലൻ ഇന്ത്യയിലേക്ക് വന്നതിന്റെ സ്മരണയ്ക്കായി ആചരിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ ശ്രദ്ധേയമായി.
കരോൾട്ടൻ സിറ്റിയിൽ ദ ചർച്ച് ഓഫ് ദ ബേ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, ക്നാനായ, ബ്രദറൻ, സിഎസ് ഐ, കത്തോലിക്കാ, ഐപിസി, ചർച്ച് ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ, മെതഡിസ്റ്റ്, നോൺ ഡിനോമിനേഷൻ തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകരും മത നേതാക്കന്മാരും വിശ്വാസികളും സാംസ്കാരിക, രാഷ്രീയ പ്രവർത്തകരും പങ്കെടുത്തു.
കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളും സമ്മേളന നഗരിയിൽ ഒത്തുകൂടി.
ഇന്ത്യക്ക് വിദേശ മിഷനറിമാരിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച അമൂല്യ സംഭാവനകൾ, സുവിശേഷത്തിനു വേണ്ടി ജീവിൻ ബലിയർപ്പിച്ചവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ഈ സമ്മേളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ ആയിരുന്നു.
കരോൾട്ടൻ പ്രോ മേയർ (ഡ്യസി പലാമോ), മർഫി പ്രോ മേയർ (എലിസബത്ത് ഏബ്രഹാം), ഗാർലൻഡ് അഡ്വൈസറി അംഗം പി.സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. പ്രഫ.സണ്ണി മാത്യു മുഖ്യ സന്ദേശം നൽകി.
ഡാളസ് ഫോർട്ട് വർത്ത് സിറ്റി ബൈഡ് പ്രയർ ഫെലോഷിപ്പ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യു ശമൂവേൽ, പാസ്റ്റർ ജോൺ എള്ളമ്പള്ളി, പോൾ ഗുരുപ്പ് തുടങ്ങിയവരാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകർ.