ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരം 31ന്
Monday, August 25, 2025 3:53 PM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11-ാമത് രാജ്യാന്തര വടംവലി മത്സരം ഈ മാസം 31ന് മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ അരങ്ങേറും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപിയും പങ്കെടുത്തു. ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന രാജ്യാന്തര വടംവലി മത്സരം പുതിയ വേദിയിലാണ് നടത്തുന്നത്. 6834 ഡംസ്റ്റർ മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടി നടക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
അഞ്ച് മുതൽ രാത്രി 10 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ വാങ്ങിക്കാനും ആസ്വദിക്കുവാനുമുള്ള അവസരമുണ്ടാകുമെന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ ജോസ് മണക്കാട്ട് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ ഈ മത്സരത്തിൽ കരുത്ത് തെളിയിക്കാൻ എത്തിച്ചേരും.
അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും. 31ന് രാവിലെ 8.45ന് മത്സര ഉദ്ഘാടനം നടക്കും. കൃത്യം ഒൻപതിനു തന്നെ വടംവലി മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചോടുകൂടി വിജയികളെ പ്രഖ്യാപിക്കും. ഏഴ് മുതൽ 10 വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.
കേരളത്തിൽ നിന്ന് എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരും പങ്കെടുക്കും. മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ വിശാലമായ പാർക്കിങ് സൗകര്യങ്ങളുണ്ട്.
അതുകൂടാതെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനം, കമ്യൂണിറ്റി സെന്റർ പരിസരം എന്നിവിടങ്ങളിലും പാർക്കിംഗ് സൗകര്യമുണ്ട്. ആളുകളെ എത്തിക്കാൻ ഷട്ടിൽ സർവീസ് നടത്തുന്ന മൂന്ന് വാഹനങ്ങളുമുണ്ടായിരിക്കും.
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് സൈമൺ ചക്കാലപ്പടവിൽ, മുൻ പ്രസിഡന്റുമാരായ സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, സിബി കദളിമറ്റം എന്നിവരും പത്രസമ്മേളനത്തിന് എത്തിയിരുന്നു.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) - 630 935 9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) - 630 673 3382.