കേരളത്തിൽ യുഡിഎഫ് തരംഗം
Friday, May 24, 2019 2:45 AM IST
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗം. 20 ലോക്സഭാ സീറ്റുകളിൽ 19 എണ്ണവും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയപ്പോൾ ഇടതുമുന്നണിക്ക് ആലപ്പുഴ മാത്രമൊതുങ്ങി. ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനായതും യുഡിഎഫിന് നേട്ടമായി. പതിറ്റാണ്ടുകളായി വിജയിച്ചു വന്നിരുന്ന ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസർഗോഡും അടക്കമുള്ള മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ബിജെപി അക്കൗണ്ട് തുറക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്ന തിരുവനന്തപുരത്ത് യുഡിഎഫിലെ ശശി തരൂർ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചു. ബിജെപിയുടെ കുമ്മനം രാജശേഖരൻ ഇവിടെ രണ്ടാമതായപ്പോൾ ഇടതു സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
വയനാട്ടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ റിക്കാർഡ് ഭൂരിപക്ഷം അടക്കം പത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു. എന്നാൽ, ആലപ്പുഴയിൽ വിജയിച്ച എൽഡിഎഫിലെ എ.എം. ആരിഫിന് 9,213 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.
ത്രികോണ പോരാട്ടം നടന്ന പത്തനംതിട്ട, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി മൂന്നാം സ്ഥാനത്തായി.
ബിജെപി തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തിൽ ഒന്നാമതും മറ്റ് ഏഴു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമതുമെത്തി. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടതും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈന്ദവ വോട്ടുകളിൽ ഒരു വിഭാഗം ഇടതുമുന്നണിക്ക് എതിരായതുമാണ് യുഡിഎഫിന്റെ മികച്ച വിജയത്തിനു കാരണമായതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
പ്രതീക്ഷിച്ച പരാജയമല്ല എൽഡിഎഫ് കേരളത്തിൽ നേരിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇടതുമുന്നണിയുടെ അക്രമ രാഷ്ട്രീയത്തിനും ധാർഷ്ട്യത്തിനും എതിരായ വിധിയെഴുത്താണുണ്ടായതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 1.58 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപി സിപിഎമ്മിലെ പി.കെ. ബിജുവിനെ പരാജയപ്പെടുത്തിയത്. മൂന്നു മണ്ഡലങ്ങളിലൊഴികെ അര ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് നേടാൻ യുഡിഎഫിനായി.
വയനാട്ടിൽ മത്സരിച്ച കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെ റിക്കാർഡ് ഭൂരിപക്ഷമായ 4.31 ലക്ഷം വോട്ട് അധികമായി നേടിയപ്പോൾ, മലപ്പുറത്തു യുഡിഎഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്കു ഭൂരിപക്ഷം 2.60 ലക്ഷം കടന്നു. ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി)- 1,93,230, ഡീൻ കുര്യാക്കോസ് (ഇടുക്കി)- 1,71,053, ഹൈബി ഈഡൻ (എറണാകുളം)- 1,69,153, രമ്യ ഹരിദാസ് (ആലത്തൂർ)- 1,58,968, എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം)- 1,49,772, ബെന്നി ബെഹനാൻ (ചാലക്കുടി)- 1,32,274, തോമസ് ചാഴികാടൻ (കോട്ടയം)- 1,06,259, എന്നിവരാണ് ഒരു ലക്ഷം ഭൂരിപക്ഷം കടന്ന മറ്റുള്ളവർ.