കോവിഡ് സ്ഥിതി നിയന്ത്രണവിധേയമെന്നു വിലയിരുത്തൽ
Saturday, September 11, 2021 12:40 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വിദഗ്ധരുടെ യോഗം ചേർന്നു. രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് സാഹചര്യവും വാക്സിനേഷൻ നടപടികളുമാണ് യോഗത്തിൽ വിലയിരുത്തിയത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
ഉത്സവകാലത്തിന്റെ ആരംഭം മുൻനിർത്തി കോവിഡ് വ്യാപനത്തിനുള്ള സാധ്യതകളും യോഗം വിലയിരുത്തി. രാജ്യത്ത് ഇതവരെ 72.37 കോടി ജനങ്ങൾക്കാണ് വാക്സിൻ നൽകിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമെന്ന കണക്കിൽ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ പകുതിയോളം മുതിർന്ന ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 18 ശതമാനം ആളുകൾ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ പുതിയതായി 34,973 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻദിവസത്തെക്കാൾ 19 ശതമാനം കുറവാണിത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. നൂറിലേറെ ഓക്സിജൻ കാരിയറുകൾ ഇറക്കുമതി ചെയ്തു. 1600 ഓക്സിജൻ പ്ലാന്റുകളുടെ നിർമാണത്തിന് അനുമതിയും നൽകി.