റോഡുകളിലെ കുറഞ്ഞ വേഗപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രം
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: ദേശീയപാതകളിലും എക്സ്പ്രസ് ഹൈവേകളിലും വാഹനങ്ങൾക്ക് കുറഞ്ഞ വേഗപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
രാജ്യത്തെ ഹൈവേ, എക്സ്പ്രസ് വേ ശൃംഖലകൾ കൂടിയ വേഗത നൽകുന്നതിനു പര്യാപ്തമാണെന്നും പുതുതായി പ്രവർത്തനമാരംഭിച്ച ഹൈവേകളിൽ യാത്രക്കാർ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
രാജ്യത്തെ റോഡ് ഗതാഗതം കൂടുതൽ ഫലപ്രദവും മികവുറ്റതുമാക്കാനാണ് പദ്ധതി. വേഗപരിധിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
എക്സ്പ്രസ് വേകളിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്ററും ഹൈവേകളിൽ 100 കിലോമീറ്ററുമാണ് 2018ൽ കേന്ദ്രസർക്കാർ നിർദേശിച്ച കൂടിയ വേഗപരിധി. ഇതിനെതിരേ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.