ഗസൽ ഇതിഹാസം പങ്കജ് ഉധാസ് വിടവാങ്ങി
Tuesday, February 27, 2024 1:34 AM IST
മുംബൈ: ഗസലിനെ ജനകീയമാക്കിയ വിഖ്യാത ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മകൾ നയാബ് ഉധാസ് ഇസ്റ്റഗ്രാമിലൂടെയാണു മരണവിവരം അറിയിച്ചത്.
1980ൽ ആഹത് എന്ന ഗസൽ ആൽബത്തിലൂടെയാണ് പങ്കജ് ഉധാസ് എന്ന ഗായകനെ ലോകം അറിഞ്ഞുതുടങ്ങിയത്. പിന്നീട് മുകറാർ, മെഹഫിൽ,നയാബ്, ആഫ്രീൻ തുടങ്ങി നിരവധി ആൽബങ്ങൾ പുറത്തിറക്കി. 1986ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ നാം എന്ന ചിത്രത്തിലെ ‘ചിട്ടി ആയേ ഹേ വതൻ സെ ചിട്ടി ആയേ ഹേ’ എന്ന പ്രഥമ സിനിമാഗാനം സംഗീതലോകം ഏറ്റുപിടിച്ചു.
ചാന്ദീ ജൈസാ രംഗ് ഹെ തേരാ, മാഹിയ തേരേ കസം, നാ കജിരേ കീ ധാർ, ജിയേ തോ ജിയേ കൈസേ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ പങ്കജ് ഉധാസ് എന്ന ഗസൽ മാന്ത്രികൻ പ്രണയവും വിരഹവും പകർന്നു നല്കി. 2006ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
1951 മേയ് 17ന് ഗുജറാത്തിലെ ജേത്പുരിലാണ് പങ്കജ് ഉധാസിന്റെ ജനനം. സഹോദരങ്ങളായ നിർമൽ ഉധാസും മൻഹർ ഉധാസും ഗസൽഗായകരാണ്. പിതാവ് കേശുഭായി ഉധാസ് വീണവാദകനായിരുന്നു.
രാജ്കോട്ടിലെ സംഗീത അക്കാദമിയിൽ തബല വിദ്യാർഥിയായിരുന്ന പങ്കജ് ഉധാസ്, ഗുലാം ഖാദിർ ഖാൻ സാഹിബിൽനിന്നു ഹിന്ദുസ്ഥാനി സംഗീതവും തുടർന്ന് നവരംഗ് നാഗ്പുർകാറിൽനിന്ന് ഗ്വാളിയർ ഖരാനയും അഭ്യസിച്ചു.
എൺപതുകൾ മുതൽ 2011വരെ അൻപതിലേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. പങ്കജ് ഉധാസിന്റെ ഗസൽ മെലഡികൾ ആത്മാവുമായി നേരിട്ട് സംവദിക്കുന്നതാണെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.