ഹരിയാനയിൽ പ്രവചനാതീതം
Wednesday, May 22, 2024 12:52 AM IST
സെബിൻ ജോസഫ്
കർഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവുംകൊണ്ട് സംഭവബഹുലമാണു ഹരിയാനയിലെ രാഷ്ട്രീയ കാലാവസ്ഥ. ചുട്ടുപൊള്ളുന്ന ചൂടിൽ ഹരിയാനയിലെ പത്തു മണ്ഡലങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. ബിജെപിയും ഇന്ത്യാ മുന്നണിപാർട്ടികളും തമ്മിലാണു പ്രധാന പോരാട്ടം.
ജാട്ട് വിഭാഗക്കാർക്ക് ഇരുപതിലേറെ ശതമാനം വോട്ട് സംസ്ഥാനത്തുണ്ട്. ജാട്ട് വിഭാഗത്തിലെ പ്രബല പാർട്ടിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി ബിജെപി ബാന്ധവം ഉപേക്ഷിച്ചിരുന്നു.
ബിജെപിക്ക് 41 സീറ്റും കോണ്ഗ്രസിന് 30 സീറ്റും ജെജെപിക്ക് പത്ത് സീറ്റുമാണ് നിയസഭയിലുള്ളത്. ജെജെപി പിന്തുണയോടെയാണ് മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചക്. ആറ് സ്വതന്ത്ര എംഎൽഎമാരിൽ അഞ്ചു പേരും ബിജെപിക്ക് പിന്തുണ നൽകിയിരുന്നു.
ജെജെപി സഖ്യം ഉപേക്ഷിച്ച ബിജെപി സ്വതന്ത്രരുടെ പിന്തുണയിലാണ് ഭരണം നടത്തിയിരുന്നു. എന്നാൽ, മൂന്നു സ്വതന്ത്രരും പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ജെജെപി പാർട്ടിയിലെ നാലു പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് സംസ്ഥാന സർക്കാർ അവകാശം ഉന്നയിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒബിസി കാർഡ് ഇറക്കാനാണ് കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപി നായബ് സിംഗ് സെയ്നിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. ഖട്ടറെ കർണാലിൽനിന്നു ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നു.
ഹരിയാന ലോക്ഹിത് പാർട്ടി അധ്യക്ഷനുമായ ഗോപാൽ കാണ്ഡയും ബിജെപിക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. ജെജെപി എൻഡിഎ സഖ്യം ഉപേക്ഷിച്ചുപോയതു ബിജെപിക്ക് തലവേദന സൃഷ്ടിക്കും.
40 ശതമാനം എസ്സി, എസ്ടി, ഒബിസി വോട്ടുകൾ ഉള്ള സംസ്ഥാനത്തെ പത്തു സീറ്റും ജയിക്കാൻവേണ്ടിയാണു ഖട്ടറിനു പകരം സൈനിയെ മുഖ്യമന്ത്രിയാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും ബിജെപി നേടിയിരുന്നു.
കർഷകസമരം തിരിച്ചടിയാകും
രാജ്യത്തെ കാർഷികവിപ്ലവത്തിനു വിത്തുപാകിയ ഹരിയാനയുടെ മണ്ണിൽ കർഷകസമരം ആളിക്കത്തിയിരുന്നു. രണ്ടു കർഷകസമരങ്ങളും ബിജെപിക്കു തിരിച്ചടിയാണ്. പല മണ്ഡലങ്ങളിലും ബിജെപിയുടെ പ്രചാരണ വാഹനം കർഷകർ തടഞ്ഞു.
സംയുക്ത കിസാൻ മോർച്ച (നോണ് പൊളിറ്റിക്കൽ) നേതൃത്വത്തിലാണു ഹരിയാനയിൽ കർഷകർ സംഘടിച്ചിരിക്കുന്നത്. കർഷക, മണ്ഡി രാഷ്ട്രീയത്തിൽ ബിജെപിക്ക് കാലിടറാൻ സാധ്യതയുണ്ട്. എന്നാൽ, ജെജെപി ഒറ്റയ്ക്കു മത്സരിക്കുന്നത് ജാട്ട് വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനു കാരണമായേക്കും.
സൈന്യത്തിലേക്കു കരാർ നിയമനം ഏർപ്പെടുത്തിയതും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാണ്. കോണ്ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബിജെപിക്കൊപ്പം ചേർന്ന വ്യവസായി നവീൻ ജിൻഡാൽ ആണ് കുരുക്ഷേത്രത്തിലെ ബിജെപി സ്ഥാനാർഥി.
ആംആദ്മി പാർട്ടിയുടെ സുശീൽ ഗുപ്തയാണ് ഇവിടെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) സ്ഥാനാർഥിയായി അഭയ് ചൗട്ടാലയും മത്സരംഗത്തുണ്ട്. ജാട്ട് വോട്ടുകൾ അഭയ് ചൗട്ടാല പിടിച്ചാൽ നവീൻ ജിൻഡാൽ ജയിക്കാനാണു സാധ്യത
ബ്രഹ്മണ, സൈനി, പഞ്ചാബി, സിക്ക്, അഗർവാൾ, ബനിയ വിഭാഗക്കാരാണ് ഹരിയാനയിലെ മറ്റു വിഭാഗങ്ങൾ. സുശീൽ ഗുപ്തയും ജിൻഡാലും ബനിയ വിഭാഗക്കാരാണ്. ഒബിസി വോട്ടുകളാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്.
ജെജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നിലും ഇതുതന്നെയാണ്. ജാട്ട് ഇതര വോട്ടുകൾ ഏകീകരിക്കുകയാണ് ബിജെപിയുടെ ആഗ്രഹം. ജാട്ട് നേതാവും ആർഎൽഡി ദേശീയ അധ്യക്ഷനുമായ ജയന്ത് ചൗധരിയുമായും ബിജെപി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.
ജാട്ട് വോട്ടുകൾ നിർണായകം
സംസ്ഥാന ജനസംഖ്യയിൽ 20 ശതമാനത്തിൽ അധികം വരുന്ന ജാട്ടുകൾക്ക് രാഷ്ട്രീയത്തിൽ വൻ സ്വാധീനമാണുള്ളത്. ഉന്നത ജാതിക്കാരും നഗരവും ബിജെപിയെ കാലങ്ങളായി പിന്തുണച്ചുപോരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ, ജാട്ട് ഇതര വോട്ടുകൾ ഏകീകരിച്ചുവെന്നാണു ബിജെപിയുടെ വിലയിരുത്തൽ.
2019 ലെ തെരഞ്ഞെടുപ്പിൽ ഇതു ഫലപ്രദമായി നടപ്പിലാക്കി. പത്തിൽ പത്തും നേടാൻ ഇതിലൂടെ ബിജെപിക്ക് സാധിച്ചു. എന്നാൽ, വിവിധ കാർഷിക നിയമങ്ങളും ഗുസ്തി സമരവും ഇത്തവണ ബിജെപിക്ക് തിരിച്ചടി സൃഷ്ടിക്കും.
വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവരുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സീറ്റുകൾ ലഭിക്കാനാകില്ലെങ്കിലും ജെജെപിക്ക് ജാട്ട് വോട്ടുകൾ ഭിന്നിപ്പിക്കാനാകും.
ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ മത്സരിക്കുന്ന കോണ്ഗ്രസ് രണ്ടു സീറ്റ് ഉറപ്പിക്കുന്നു. കടുത്ത മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു.
ഒരു സീറ്റിൽ മാത്രമാണ് ആംആദ്മി പാർട്ടി മത്സരിക്കുന്നത്. അരവിന്ദ് കേജരിവാളിന്റെ ഇടക്കാല ജാമ്യം പ്രചാരണരംഗത്ത് ഇന്ത്യാ സഖ്യത്തിനു തെല്ലു മുൻതൂക്കം നൽകുന്നുണ്ട്.