ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
Wednesday, May 22, 2024 1:34 AM IST
ന്യൂഡൽഹി: ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കഴിഞ്ഞ ദിവസം 47 ഡിഗ്രി സെൽഷസ് ചൂടാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി തലസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസവും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായി വേനലവധിക്കായി ഇതുവരെ അടയ്ക്കാത്ത സ്കൂളുകളോട് ഉടൻതന്നെ കുട്ടികൾക്ക് അവധി അനുവദിക്കാൻ ഡൽഹി സർക്കാർ നിർദേശിച്ചു. ജൂണ്‍ 30 വരെ അവധി തുടരും.
കഴിഞ്ഞ നാല് ദിവസങ്ങളിലും ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും 44 മുതൽ 47 ഡിഗ്രിവരെ ചൂടാണ് രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും അതിതീവ്രചൂട് തുടരുകയാണ്. ഉഷ്ണതരംഗം തുടരുന്നതിനാൽ പകൽസമയത്ത് പരമാവധി വീടുകളിൽ തന്നെ കഴിയാൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.