ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം: ഏഴു നവജാതശിശുക്കൾ മരിച്ചു
Monday, May 27, 2024 2:28 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു നവജാതശിശുക്കൾ മരിച്ചു. അഞ്ചു കുട്ടികളെ രക്ഷപ്പെടുത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലുള്ള ന്യൂബോൺ ബേബി കെയർ ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി 11.30ഓടെ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ആശുപത്രിക്കുള്ളിലെ തീ സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും പടർന്നു. 16 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവം നടന്നതിനു പിന്നാലെ ആശുപത്രി ഉടമ ഡോ. നവീൻ കിച്ചി ഒളിവിൽ പോയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഡോ. ആകാശിനെയും പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ ഉടൻ ആശുപത്രി അധികൃതർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഓക്സിജൻ റീഫില്ലിംഗുമായി ബന്ധപ്പെട്ട് അനധികൃത നീക്കങ്ങൾ ആശുപത്രിയിൽ നടക്കാറുണ്ടെന്നും ഇതായിരിക്കാം തീപിടിത്തത്തിനു കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യതമാക്കി. സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ വീട്ടുകാർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റ കുട്ടികൾക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ അശ്രദ്ധ കാണിച്ചവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
അതേസമയം, ഡൽഹിയിൽത്തന്നെയുണ്ടായ മറ്റൊരു തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു. കൃഷ്ണ നഗറിൽ നാലുനില ഭവനസമുച്ചയത്തിലാണ് ഇന്നലെ പുലർച്ചെ 2.30 ഓടെ തീപിടിത്തമുണ്ടായത്. ഏഴുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.