ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിലേക്ക്
Tuesday, December 10, 2024 1:58 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ രാജ്യമൊട്ടാകെ ഒരുമിച്ചു നടത്താൻ നിർദേശിക്കുന്ന "ഒരു രാജ്യം, ഒരു വോട്ടെടുപ്പ്' ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും. വഖഫ് ഭേദഗതി ബിൽ പോലെ ബിൽ അവതരിപ്പിച്ചശേഷം വിശദ ചർച്ചകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്കോ (ജെപിസി) നിലവിലെ പാർലമെന്ററി സമിതിക്കോ വിടും.
ഈ ബില്ലിന്മേൽ വിശദമായ ചർച്ചകളോ പാസാക്കാനോ സമവായത്തിനോ ഉള്ള ശ്രമങ്ങളോ ഇത്തവണ ഉണ്ടാകില്ല. ഒന്നിലേറെ ഭരണഘടനാ ഭേദഗതികൾ ആവശ്യമായതിനാൽ ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുകയും പകുതിയിലേറെ സംസ്ഥാന നിയമസഭകൾ പാസാക്കുകയും ചെയ്താൽ മാത്രമേ ബിൽ നിയമമാകുകയുള്ളൂ.
ബിൽ പാസാക്കുന്നതിനുമുന്പ് രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലെയും സ്പീക്കർമാർ അടക്കമുള്ളവരുമായി വിശദ ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബുദ്ധിജീവികൾ, വിദഗ്ധർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായവും തേടും.
പാസാക്കാൻ വേണ്ടത്ര ഭൂരിപക്ഷം ലോക്സഭയിലും രാജ്യസഭയിലും ഇല്ലെങ്കിലും അദാനി, മണിപ്പുർ, ചൈന, കർഷകസമരം, രൂക്ഷമായ വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയവയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണ് "ഒരു രാജ്യം, ഒരു വോട്ടെടുപ്പ്' ബില്ലെന്ന് കോണ്ഗ്രസും"ഇന്ത്യ’സഖ്യത്തിലെ പാർട്ടികളും ആരോപിച്ചു.
രാജ്യം സ്വതന്ത്രമായപ്പോൾ ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ, പല നിയമസഭകളും ലോക്സഭയും കാലാവധി പൂർത്തിയാക്കാതെ പിരിച്ചുവിടേണ്ടിവന്നപ്പോഴാണു തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനാകാതെ പോയത്.
ചെലവുചുരുക്കാനെന്ന പേരിൽ ഇനിയും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയലക്ഷ്യങ്ങളോടെ അടിച്ചേൽപ്പിച്ചാൽ ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു കോട്ടം വരുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ നിർദേശിച്ച "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 'നിർദേശം പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മോദി നിർദേശിച്ചതുപോലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താനാണു കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.