ഗാസാ ഏറ്റുമുട്ടൽ തുടരുന്നു
Tuesday, May 18, 2021 11:23 PM IST
ഗാസാ സിറ്റി: ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. ഗാസയിൽനിന്ന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ദക്ഷിണ ഇസ്രയേലിലെ പാക്കേജിംഗ് പ്ലാന്റ് ജീവനക്കാരായ രണ്ട് തായ്ലൻഡ് പൗരന്മാർ മരിച്ചു. ഗാസയിൽ ഹമാസ് തീവ്രവാദികൾ തന്പടിച്ചിരുന്ന ആറു നിലക്കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർത്തു.
സംഘർഷം രണ്ടാഴ്ച പിന്നിട്ടതോടെ മേഖലയിൽ യുദ്ധസമാന അന്തരീക്ഷമാണു നിലനിൽക്കുന്നത്. ഇതിനിടെ, പലസ്തീനികളുടെ നേതൃത്വത്തിൽ ഇസ്രയേലിൽ സമരം നടത്തി.
ഇസ്രേലി വ്യോമാക്രമണത്തിൽ ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി കെട്ടിടമാണു തകർന്നത്. ഈ കെട്ടിടത്തിൽ ഹമാസ് ഭീകരർ തന്പടിച്ചിരുന്നതായി ഇസ്രേലി പട്ടാളം പറഞ്ഞു. ലൈബ്രറിയും വിദ്യാലയവുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഡെസ്്കുകളും ഓഫീസ് കസേരകളും ബുക്കും കംപ്യൂട്ടറും അവശിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്നുണ്ട്.
ഇസ്രയേലിലും ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീനികൾ ഇസ്രയേൽ നടപടിക്കെതിരേ ഇന്നലെ സമരം നടത്തുകയുണ്ടായി. ഇസ്രയേലിനുള്ളിലെ പലസ്തീനികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഇസ്രയേൽ ജനസംഖ്യയിൽ 20 ശതമാനത്തോളം പലസ്തീനികളാണ്. വെസ്റ്റ് ബാങ്കിൽ സമരത്തെ അനുകൂലിച്ച് കടകന്പോളങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു. യഹൂദരും പലസ്തീനികളും തമ്മിൽ സംഘട്ടനമുണ്ടായി.