യുഎഇയിൽ ആഴ്ചയിൽ നാലരദിവസം മാത്രം ജോലി
Wednesday, December 8, 2021 12:16 AM IST
ദുബായി: യുഎഇയിൽ ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിൽ അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ആഴ്ചയിൽ നാലര ദിവസം ജോലിസമയം യാഥാർഥ്യമാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതി ഇതോടെ യുഎഇക്ക് സ്വന്തമായി.
ജനുവരി ഒന്നിന് ഇതു പ്രാബല്യത്തിൽ വരും. ഉത്പാദനക്ഷമത വർധിപ്പിക്കാനും ജീവക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സംതുലനം ക്രമപ്പെടുത്താനും ഈ തൊഴിൽസൗഹൃദ നടപടിക്കു കഴിയുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പുതിയ ഷെഡ്യൂൾ അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ എട്ടുമണിക്കൂർ ജോലി. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്കു 12വരെ നാലര മണിക്കൂറും. വെള്ളിയാഴ്ച പ്രാർഥനകളും മതപ്രഭാഷണവും ഉച്ചയ്ക്ക് 1.15 മുതലായിരിക്കും.
വെള്ളിയാഴ്ച ജീവനക്കാർക്ക് സൗകര്യമുള്ള ജോലിസമയം തെരഞ്ഞെടുക്കാനും വീട്ടിലിരുന്നു ജോലി ചെയ്യാനും അനുവാദമുണ്ടായിരിക്കും. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലായിരിക്കും പുതിയ സമയക്രമം ആദ്യം പ്രാബല്യത്തിൽ വരിക. സ്കൂളുകൾ, കോളജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളും പിന്നാലെ ഇതേ മാതൃക സ്വീകരിക്കും.
യുഎഇയുടെ ഭാഗമായ ദുബായിലും അബുദാബിയിലും നാലരദിവസം ജോലി സമയം നേരത്തേ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.