ഗാസാ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനത്തിന് എതിരേ പാശ്ചാത്യശക്തികൾ
Friday, August 8, 2025 11:55 PM IST
ലണ്ടൻ: ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ ഇസ്രയേലിന്റെ മിത്രങ്ങളായ യൂറോപ്യൻ ശക്തികൾ രംഗത്തു വന്നു. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി ജർമനി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനം തെറ്റാണെന്ന് ബ്രിട്ടനും പ്രതികരിച്ചു.
ഗാസ മുനന്പ് മുഴുവനായി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇസ്രേലി സർക്കാർ ഗാസ സിറ്റി പിടിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പത്തു മണിക്കൂർ നീണ്ട സുരാക്ഷാകാര്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവച്ച നിർദേശത്തോട് സൈന്യം എതിർപ്പു പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിന്റെ നീക്കം ഗാസ ജനതയുടെ ദുരവസ്ഥ വർധിപ്പിക്കുകയേ ഉള്ളൂവെന്ന് ലോകനേതാക്കൾ ചൂണ്ടിക്കാട്ടി. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ സുരക്ഷ ആപത്തിലാകാമെന്ന് ഇസ്രേലി ജനതയും അഭിപ്രായപ്പെട്ടു.
ഉടൻ നിർത്തണം: യുഎൻ
ഇസ്രയേലിന്റെ പദ്ധതി ഉടൻ നിർത്തിവയ്ക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ഗാസ അധിനിവേശം നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിനു വിരുദ്ധമാണു തീരുമാനം. ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കലും അസാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത തീരുമാനവുമായി ജർമനി
ഗാസയിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ ഇസ്രയേലിന് ഇനി കയറ്റുമതി ചെയ്യില്ലെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അറിയിച്ചു. ഗാസ സിറ്റി ഏറ്റെടുക്കുന്നതിലൂടെ ഇസ്രയേലിനുള്ള നേട്ടം എന്താണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേലിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നല്കുന്ന രാജ്യങ്ങളിലൊന്നാണു ജർമനി.
പുനഃപരിശോധിക്കണം: ബ്രിട്ടൻ
തീരുമാനം തെറ്റാണെന്നും പുനഃപരിശോധിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കാൻ സഹായകരമായ ഒന്നും ഇസ്രേലി തീരുമാനത്തിലില്ലെന്നും സ്റ്റാർമർ ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ നീക്കത്തിൽ ചൈന ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗാസ പലസ്തീൻ ജനതയുടെ സ്വന്തമാണ്. ഗാസയുടെ ദുരിതം അവസാനിക്കാനും ബന്ദികൾ മോചിതരാകാനും ഉടൻ വെടിനിർത്തലുണ്ടാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു.
ഇസ്രയേലിന്റെ നീക്കം തടയാൻ ലോകശക്തികളും യുഎൻ രക്ഷാസമിതിയും ഇടപെടണമെന്നു തുർക്കി ആവശ്യപ്പെട്ടു.
ഇസ്രേലി നീക്കം പലസ്തീൻ ജനതയ്ക്കു കൂടുതൽ ദുരിതമുണ്ടാക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിലൂടെ ജനങ്ങളെ അഭയാർഥികളാക്കുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ഇസ്രയേൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടു. ഫിൻലൻഡ്, ഡെന്മാർക്ക്, നെതർലൻഡ്സ് രാജ്യങ്ങളും ഇസ്രേലി തീരുമാനത്തെ വിമർശിച്ചു.
ദുരന്തം: പ്രതിപക്ഷ നേതാവ്
പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനം ദുരന്തമാണെന്നും കൂടുതൽ ദുരന്തത്തിനു വഴിവയ്ക്കുമെന്നും ഇസ്രേലി പ്രതിപക്ഷ നേതാവ് യെയിർ ലാപിഡ് അഭിപ്രായപ്പെട്ടു.
സൈന്യത്തിന്റെ ഉപദേശം അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. തീവ്ര വലതുപക്ഷ മന്ത്രിമാരുടെ സമ്മർദത്തിനു പ്രധാനമന്ത്രി വഴങ്ങുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.