യാത്രയ്ക്കിടെ വാഹനത്തിൽനിന്നു കുഞ്ഞ് തെറിച്ചുവീണ സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
Wednesday, September 11, 2019 12:13 AM IST
കണ്ണൂർ: യാത്രയ്ക്കിടെ വാഹനത്തിൽനിന്നു കുഞ്ഞ് തെറിച്ചുവീണ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മൂന്നാറിനു സമീപം രാജമലയിൽ വച്ചാണു കന്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദന്പതികളുടെ ഒരു വയസുകാരിയായ മകൾ രോഹിത വാഹനത്തിൽനിന്നു തെറിച്ചുവീണത്. പഴനിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞ് തെറിച്ചുവീണത് ഉറക്കത്തിലായിരുന്ന അമ്മ അറിഞ്ഞിരുന്നില്ലെന്നാണു പറയുന്നത്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്തതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് കണ്ണൂരിൽ പറഞ്ഞു. സംഭവം സംബന്ധിച്ച് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് തേടും. രക്ഷിതാക്കളോടും സംഭവത്തെക്കുറിച്ച് വിശദീകരണം തേടും.
കുട്ടി അബദ്ധത്തിൽ വീണതാണോ അതല്ല മറ്റെന്തെങ്കിലും ദുരൂഹത ഇക്കാര്യത്തിലുണ്ടോയെന്നും കമ്മീഷൻ പരിശോധിക്കുമെന്നു ചെയർമാൻ പറഞ്ഞു. ബാലാവകാശ കമ്മീഷൻ വളരെ ഗൗരവത്തിൽത്തന്നെ കേസ് കൈകാര്യം ചെയ്യും. വാഹനത്തിൽ കുട്ടികളെയും കൂട്ടി യാത്രചെയ്യുമ്പോൾ കുട്ടിയെ മുൻ സീറ്റിലിരുത്തരുതെന്നും പിൻസീറ്റിൽ അവർക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ ഇത് വേണ്ടത്ര പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നിയമനടപടികൾ മാത്രം പോരെന്നും പൊതുജനങ്ങളിൽ അവബോധം ഉണ്ടാകണമെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.