കോതമംഗലം ചെറിയപള്ളിയിൽ സംഘർഷം; എസ്ഐയടക്കം 10 പേർക്കു പരിക്ക്
Thursday, September 19, 2019 11:59 PM IST
കോതമംഗലം: മാർത്തോമ്മ ചെറിയപള്ളിയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ 10 പേർക്കു പരിക്കേറ്റു. ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ തീരുശേഷിപ്പ് ചക്കലാക്കുടി ചാപ്പലിൽ സ്ഥാപിക്കുന്നത് തടയാൻ ഓർത്തഡോക്സ് പക്ഷം റമ്പാൻ തോമസ് പോളിന്റെ നേതൃത്വത്തിലുള്ളവർ ചെറിയപള്ളിയിലെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇന്നലെ വൈകുന്നേരം 6.45 ഓടെയായിരുന്നു സംഭവം.
ചെറിയ പള്ളിയിലേക്കു റമ്പാൻ പ്രാവേശിക്കാതെ യാക്കോബായ വിഭാഗം ഗേറ്റിൽ തടഞ്ഞു. സംഘർഷത്തിനിടെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, സാബു മാലിയിൽ എന്നീ ഓർത്തഡോക്സ് പക്ഷക്കാർക്കും
സി.എ. കുഞ്ഞച്ചൻ ( 51), ബിനോയ് എം. തോമസ് (55), വി.വൈ. ബേസിൽ വട്ടപറമ്പിൽ (45 ), സാജൻ ഐസക് (44) എന്നീ യാക്കോബായ പക്ഷക്കാർക്കും സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച കോതമംഗലം എസ്ഐ ദിലിഷിനുമാണു പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം ഓർത്തഡോക്സ് വിഭാഗക്കാരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാക്കോബായ വിഭാഗക്കാർ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലാണ് .