നിയമവിരുദ്ധമായി നിർമിച്ചതെന്നു പറയുന്ന കെട്ടിടങ്ങൾക്കും റവന്യൂ നികുതി പിരിക്കുന്നു
Monday, October 21, 2019 1:26 AM IST
കട്ടപ്പന: 1964ലെ ഭൂപതിവു ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ വ്യാപാരാവശ്യങ്ങൾക്കു നിർമാണം നടത്തുന്നതു പട്ടയവ്യവസ്ഥയുടെ ലംഘനമായി കണ്ടു പട്ടയം റദ്ദാക്കി നിർമിതി ഏറ്റെടുക്കുമെന്ന് ഉത്തരവിറക്കിയിരിക്കുന്ന സർക്കാരിന്റെ റവന്യൂ വകുപ്പ് അത്തരം നിർമിതികൾക്കും നികുതി ഈടാക്കുന്നു. ആയിരക്കണക്കിനു രൂപയാണ് ഓരോ കെട്ടിടത്തിനും വണ്‍ടൈം നികുതിയായി റവന്യു ഈടാക്കുന്നത്. ചതുരശ്രയടി കണക്കാക്കിയാണു നികുതി കണക്കാക്കുന്നത്. അനധികൃതമെന്നും പറയുകയും നികുതി പിരിക്കുകയുമാണ്.
ഏതെങ്കിലും തരത്തിൽ നികുതിയോ പിഴയോ ഈടാക്കിയാൽ നിർമാണം അംഗീകരിച്ചതിനു തുല്യമാണ്. നികുതി വാങ്ങിയ ശേഷം നിർമാണം അനധികൃതമാണെന്നു കാണിച്ചു ഭൂമിയും കെട്ടിടവും സർക്കാർ ഏറ്റെടുക്കുന്നതു കാട്ടുനീതിയാണെന്നും ആക്ഷേപമുണ്ട്.