കുടിയേറ്റ കർഷകരെ അവഗണിക്കരുത്: പ്രോ ലൈഫ് സമിതി
Wednesday, October 23, 2019 12:09 AM IST
കൊച്ചി: കേരളത്തിന്റെ മലയോര മേഖലകളുടെ വികസനവും സാമൂഹ്യപുരോഗതിയും സജീവമാക്കിയ കുടിയേറ്റ കർഷകരെയും പ്രദേശങ്ങളെയും അവഗണിക്കരുതെന്നു കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ്. കുടിയേറ്റ കർഷകരുടെ വേദനയും ദുരിതവും വെളിപ്പെടുത്തിയ ദീപികയുടെ മുഖലേഖനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപിക വ്യക്തമാക്കിയ യഥാർഥ വസ്തുതകൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണം. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ പതറാതിരുന്ന ചങ്കൂറ്റമാണ് കുടിയേറ്റ കർഷകന്റേത്. കർഷകർ തളരുന്പോൾ രാജ്യത്തിന്റെ തകർച്ചയാണ് സംഭവിക്കുന്നത്.
സർക്കാരിന്റെ എല്ലാ നയങ്ങളും പരിപാടികളും കർഷകരെ പരിഗണിക്കുന്നതും അവരുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുന്നതും ആയിരിക്കണം. മലയോര മണ്ണിൽ സ്വർണം വിളയിപ്പിച്ച കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് അവഹേളിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.