ന്യൂനമർദങ്ങൾ കൂടുതൽ ശക്തമായി
Wednesday, October 23, 2019 12:53 AM IST
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദം കുറച്ചുകൂടി ശക്തമായി. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം ചില സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 11 മുതൽ 20 വരെ സെന്റിമീറ്റർ അതിശക്തമായ മഴയോ ആറു മുതൽ 11 വരെ സെന്റിമീറ്റർ ശക്തമായ മഴയോ ലഭിക്കും.
ന്യൂനമർദപ്രഭാവവും കാറ്റിന്റെ ഗതിയും ശക്തമാകാത്തതിനാൽ ഇന്നലെ കേരളത്തിൽ മഴ ശക്തമായില്ല. ഇതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമർദം കേരള തീരത്തോട് അടുത്തശേഷം വെള്ളിയാഴ്ചയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങും. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലകൊള്ളുന്ന ന്യൂനമർദം വെള്ളിയാഴ്ചയോടെ ആന്ധ്രാ തീരം കടക്കും.
ഇരു ന്യൂനമർദങ്ങളും ശക്തിപ്രാപിക്കാതെ കഴിഞ്ഞ ദിവസത്തെ നിലയിൽ തുടർന്നാൽ കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.