ഏഴിമലയ്ക്ക് ഇന്ന് രാഷ്ട്രപതി കളർ അവാര്‍ഡ് സമ്മാനിക്കും
Wednesday, November 20, 2019 1:12 AM IST
പയ്യന്നൂര്‍: മികച്ച സേവനങ്ങള്‍ പരിഗണിച്ച് രാജ്യത്തെ മികച്ച സൈനിക കേന്ദ്രത്തിന് നല്കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാഡമിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സമ്മാനിക്കും.
രാജ്യരക്ഷയ്ക്ക് കഴിവുറ്റ നിരവധി ഓഫീസര്മാരെയുള്പ്പെടെ സംഭാവന നല്കിയ മികവ് പരിഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ അക്കാഡമിയെ അവാര്‍ഡ് നല്കി ആദരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്കാഡമിക്ക് പ്രത്യേകം രൂപകല്പന ചെയ്ത പതാക സമ്മാനിക്കും. അക്കാഡമിയിലെ വിശേഷാവസരങ്ങളിൽ ഈ പതാക ഉപയോഗിക്കും. 2009ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്കാഡമിയില്‍നിന്ന് ഇതുവരെ 18 ബാച്ചുകളാണ് പരിശീലനം കഴിഞ്ഞു പുറത്തിറയങ്ങിയത്്. 5,390 ഓഫീസര്‍മാരും 531 വനിതാ ഓഫീസര്‍മാരും 33 അന്താരാഷ്ട്ര കേഡറ്റുകളും പത്ത് വര്‍ഷത്തിനിടയില്‍ ഇവിടെനിന്നു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
നേവിയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലുള്ള അവാര്‍ഡ് സമര്‍പ്പണത്തിനായി ഇന്നലെ വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തിലും പിന്നീട് ഹെലിക്കോപ്ടറില്‍ ഏഴിമലയിലുമെത്തിയ രാഷ്ട്രപതി രാത്രി അക്കാഡമി ആസ്ഥാനത്താണ് തങ്ങിയത്.
ഇന്നു രാവിലെ എട്ടിന് അക്കാഡമിയിൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സര്‍വ സൈന്യാധിപനായ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. സേനാ പരേഡിനൊപ്പം നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കുക. വിവിധ സേനാ മേധാവികള്‍, സംസ്ഥാന ഗവര്‍ണര്‍, മന്ത്രിമാര്‍ തുടങ്ങിയവർ പങ്കെടുക്കും. ഏഴിമല നാവിക അക്കാഡമിക്ക് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2017 ല്‍ നേവിയുടെ അന്തര്‍വാഹിനി വിഭാഗത്തിന് ഈ അവാര്‍ഡ് ലഭിച്ചിരുന്നു.