പൗരത്വ നിയമ ഭേദഗതി; എം.കെ. മുനീര്‍ ഉപവസിച്ചു
Tuesday, January 21, 2020 11:37 PM IST
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സംസ്ഥാനത്തിന്റെ വികാരം നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിഫലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമഭേദഗതിക്കെതിരേ കോഴിക്കോട് കടപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ എംഎല്‍എ നടത്തിയ 12 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കവും അന്തസ്സത്തയും പ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാവണം .കേരള ജനത ഒന്നാകെ പൗരത്വനിയമഭേദഗതിക്കെതിരേ ശക്തമായി നിലകൊള്ളുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെന്‍സസും ദേശീയ പൗരത്വരജിസ്റ്ററും സംബന്ധിച്ച് നിലവില്‍ ആശയകുഴപ്പമുണ്ട്. പുതുതായി എഴുതി ചേര്‍ത്ത രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കണം. സെന്‍സസ് നടപടി ധൃതിപിടിച്ച് നടപ്പാക്കരുത്.
ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തിന്റെ മതേതരമനസ് ഒരുമിച്ച് നിര്‍ത്താനുള്ള ദൗത്യമാണ് എം.കെ. മുനീര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരുവിതാംകൂറിന്റെ ചരിത്രം മനസിലാക്കണമെന്നും അരമൂക്കുമായാണ് ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ മടങ്ങിയതെന്നത് മറക്കരുതെന്നും കെ.മുരളീധരൻ എംപി. പറഞ്ഞു.
മൗലികാവകാശങ്ങളെയോ ഭരണഘടനെയോ വെല്ലുവിളിക്കാന്‍ ബിജെപിക്ക് ആരും അവകാശം നല്‍കിയിട്ടില്ലെന്നും ഇത് ഹിറ്റ്ലറുടെയോ മുസോളിനിയുടെയോ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത്ഷായും ഓര്‍ക്കണമെന്നും എം.കെ.രാഘവന് എംപി. പറഞ്ഞു.
ഭരണഘടനയ്ക്ക് വിരുദ്ധമാവുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതിനാലാണ് ഇത്രവിപുലമായ ജനകീയ പ്രക്ഷോഭം നാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നും സ്വയം തിരുത്താന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. പറഞ്ഞു.
എംഎൽഎ മാരായ പാറയ്ക്കൽ അബ്ദുല്ല, കെ.എം. ഷാജി, യുഡിഎഫ് നേതാക്കളായ എം.എ. റസാഖ് മാസ്റ്റർ, സി. മോയിൻകുട്ടി, ടി.പി.എം. സാഹിർ, എൻ. സുബ്രഹ്മണ്യൻ, സി. മമ്മുട്ടി, കെ. പ്രവീൺകുമാർ, എൻ.വി. ബാബുരാജ്, സുഹറ മമ്പാട്, പി.എം. നിയാസ്, ചാലിൽ മൊയ്തീൻകോയ, എസ്.വി. ഉസ്മാൻ കോയ, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, യു.സി. രാമൻ, നൂർബീന റഷീദ്, പി. കുത്സു, ദീപ സിംഗ്, ഇ.വി. ഉസ്മാൻകോയ തുടങ്ങി നിരവധി നേതാക്കൾ രാവിലെ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
രാവിലെ ഒൻപതിന് ആരംഭിച്ച സമരം രാത്രി ഒൻപതിന് സമാപിച്ചു.