വിദ്യാർഥിനിയെ ദുരുപയോഗിച്ച അധ്യാപകന് 20 വർഷം തടവ്
Sunday, January 26, 2020 1:14 AM IST
കാസർഗോഡ്: നാലാം ക്ലാസ് വിദ്യാർഥിനിയെ ദുരുപയോഗിച്ച കേസിൽ അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ നേരിട്ട് നല്‍കണമെന്നും കോടതി വിധിച്ചു. സംസ്ഥാനത്തെ പോക്സോ കേസുകളിൽ ആദ്യമായാണ് സർക്കാർ നേരിട്ടു നഷ്ടപരിഹാരം നല്കാൻ വിധിയുണ്ടാകുന്നത്.
രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലെ സര്‍ക്കാര്‍ എല്‍പി സ്കൂൾ അധ്യാപകനായ കിനാനൂര്‍ കാളിയാനം പെരിയാലിലെ പി. രാജന് നായരെ(54)യാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പത് വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനിയെ സ്കൂളിലെ ഐടി സ്മാര്‍ട്ട് ക്ലാസ് റൂമില്‍ രാജന് നായര്‍ പീഡിപ്പിച്ചെന്നാണ് കേസ്. സാധാരണ ഇത്തരം കേസുകളില്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുഖേനയാണു നഷ്ടപരിഹാരം നല്കാന് വിധിക്കാറുള്ളത്.