സുഹൃത്തുക്കൾ തമ്മിൽ അടിപിടി; പരിക്കേറ്റയാൾ മരിച്ചു
Monday, February 24, 2020 11:56 PM IST
നെടുങ്കണ്ടം: സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ അടിപിടിയിൽ പരിക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കന്പംമെട്ട് അച്ചക്കട ആറ്റിൻകര കൊല്ലപ്പള്ളിൽ ടോമി(49)യാണ് മരിച്ചത്. സംഭവത്തിൽ കുഴിത്തൊളു പ്ലാക്കുഴിയിൽ സന്തോഷ്(42) എന്ന ബിനുവിനെ കന്പംമെട്ട് പോലീസ് അറസ്റ്റ്ചെയ്തു.
ഇതിനിടെ, ടോമിയുടെ മരണം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നും ആരോപണം ഉയർന്നു. ചികിത്സാ പിഴവുമൂലമാണ് ടോമി മരിച്ചതെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
ഞായറാഴ്ച രാത്രി ഏഴോടെ മദ്യപിച്ച് അച്ചക്കടയിലെത്തിയ ടോമിയും ബിനുവുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. ടോമി ചെയ്തിരുന്ന കൃഷി ബിനുവിന്റെ സുഹൃത്ത് നശിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായതെന്നാണ് വിവരം. ടോമി അസഭ്യം പറഞ്ഞതോടെ ബിനു മുഖത്തടിച്ചെന്നും അടിയുടെ ആഘാതത്തിൽ റോഡിലേക്കു മുഖമടിച്ചുവീണ ടോമിക്കു പരിക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ പോലീസിനു കൊടുത്തിരിക്കുന്ന മൊഴി. ഇതിനുശേഷം ബിനു സ്ഥലത്തുനിന്നു മടങ്ങി.
അല്പനേരം രക്തംവാർന്നു റോഡിൽ കിടന്ന ടോമിയെ അച്ചക്കടയിലെ ഒരു വർക്ക്ഷോപ്പ് ഉടമയും നാട്ടുകാരും ചേർന്നാണ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
നെറ്റിയിലും തലയുടെ വലതുവശത്തുമുണ്ടായിരുന്ന മുറിവുകൾ തുന്നിക്കെട്ടിയ ശേഷം ടോമിയെ വാർഡിൽ അഡ്മിറ്റ് ചെയ്തു. മൂക്കിലൂടെ രക്തംവരുന്നതു തടയാൻ ഇൻജക്ഷനും നൽകിയിരുന്നു.
മദ്യലഹരിയിലായിരുന്ന ടോമി രാത്രിയിൽ അസ്വസ്ഥത പ്രകടപ്പിച്ചിരുന്നതായാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ പോലീസിനു നൽകിയിരിക്കുന്ന വിവരം. ഇന്നലെ പുലർച്ചയോടെ മരിച്ചനിലയിൽ കാണുകയായിരുന്നു.
ടോമിയെ മർദിച്ചതായി പറയുന്ന ബിനുവും ഇതേ ആശുപത്രിയിൽ രാത്രി അഡ്മിറ്റാകാൻ എത്തിയിരുന്നു. എന്നാൽ, പിന്നീട് ഇയാൾ മടങ്ങിപ്പോയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണവിവരമറിഞ്ഞു രാവിലെ വീണ്ടും ഇയാൾ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെനിന്നുമാണ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.