അടിയന്തര പ്രാധാന്യമുള്ള ഹർജികൾ ഹൈക്കോടതി വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന പരിഗണിക്കും
Sunday, March 29, 2020 12:01 AM IST
കൊച്ചി: കൊറോണ ഭീഷണിയെത്തുടർന്ന് ഹൈക്കോടതി അടച്ചെങ്കിലും അതീവ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ഡിവിഷൻ ബെഞ്ചിനു രൂപം നൽകി. ഹർജികൾ ഡിവിഷൻ ബെഞ്ച് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന പരിഗണിക്കും.
ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന കേസുകൾ പരിഗണിക്കുകയെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കണമെങ്കിൽ ഇതിനായി ഇ-മെയിൽ മുഖേന മുൻകൂർ അനുമതി വാങ്ങണം. ഇതുൾപ്പെടെ അഭിഭാഷകർക്കുള്ള നിർദേശങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചശേഷം ഹർജി ഓണ്‍ലൈനായി സമർപ്പിക്കണം. തുടർന്ന് കേസ് പരിഗണിക്കുന്ന സമയവും തീയതിയും അറിയിക്കും. മാത്രമല്ല ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം, ജസ്റ്റീസ് സി.ടി. രവികുമാർ, ജസ്റ്റീസ് രാജ വിജയരാഘവൻ എന്നിവർ ഉൾപ്പെട്ട ഫുൾബെഞ്ച് തിങ്കളാഴ്ച രാവിലെ സിറ്റിംഗ് നടത്തും.