കാമുകനെ കാണാൻ 44 കിലോമീറ്റർ താണ്ടി, സന്തോഷത്തോടെ മടക്കം
Saturday, April 4, 2020 11:40 PM IST
മഞ്ചേരി: കോവിഡ് കാലത്ത് കാമുകനെ കാണാതെ ആധിയിലായ പെണ്‍കുട്ടി 44 കിലോമീറ്റർ താണ്ടി യുവാവിന്റെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കണ്ട യുവാവിന്റെ വീട്ടുകാർ ഞെട്ടി. ഇതോടെ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹമെന്ന് ഇരുവരും അറിയിച്ചതോടെ അടുത്ത വർഷം വിവാഹം നടത്താമെന്ന ഉറപ്പോടെ ഇരുവരും സ്വന്തം വീടുകളിലേക്ക് മടങ്ങി.
മഞ്ചേരി സ്വദേശിനിയായ പതിനെട്ടുകാരി നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ഇരുപതുകാരനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. കാമുകനെ കാണാൻ സാധിക്കാതിരുന്നതോടെ പെണ്‍കുട്ടി കാറിൽ വഴിക്കടവിലെത്തുകയായിരുന്നു.
വഴിയിൽ പോലീസ് പലയിടത്തും തടഞ്ഞെങ്കിലും കടയിൽ പോവുകയാണെന്നും മരുന്നു വാങ്ങാനുണ്ടെന്നുമൊക്കെ പറഞ്ഞ് അവിടെനിന്നെല്ലാം രക്ഷപ്പെട്ടു. വഴിക്കടവിലെത്തിയ പെണ്‍കുട്ടി നേരെ യുവാവിന്റെ വീട്ടിലെത്തി. വീട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് പ്രണയ വിവരം പുറത്തറിഞ്ഞത്. വിവാഹത്തെക്കുറിച്ച് തന്റെ വീട്ടിൽ പറഞ്ഞാൽ സമ്മതിക്കാത്തതു കൊണ്ടാണ് ഒളിച്ചു വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയെ കാണാതയതോടെ മഞ്ചേരിയിലെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് പെണ്‍കുട്ടിയുമായും കാമുകന്റെ വീട്ടുകാരുമായും ഫോണിൽ ബന്ധപ്പെട്ട് മഞ്ചേരി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. വീട്ടുകാരുമായി നടത്തിയ ചർച്ചക്ക് ശേഷം യുവാവിന് അടുത്ത വർഷം 21 വയസ് തികഞ്ഞാൽ വിവാഹം നടത്താമെന്ന ഉറപ്പോടെ ഇരുവരെയും തിരിച്ചയച്ചു.