കോവിഡ് വാർഡിലെ പൂച്ചകള്‍ ചത്തു
Wednesday, April 8, 2020 12:14 AM IST
കാസർഗോഡ്: ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാർഡിൽനിന്നു പിടികൂടി മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയ പൂച്ചകൾക്കെല്ലാം അകാലമൃത്യു. ഇവയില്‍ മൂന്നെണ്ണത്തെ വെറ്ററിനറി സർജന് പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ചതായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ശിവനായക് അറിയിച്ചു. ഇവയ്ക്ക് കോവിഡ് ബാധിച്ചിരുന്നോ എന്ന സംശയം ദൂരീകരിക്കുന്നതിനായി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
രണ്ട് കണ്ടൻപൂച്ചകളും ഒരു ചക്കിപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. പിടികൂടി ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് ചക്കിപ്പൂച്ചയാണ് ആദ്യം ചത്തത്.
പിടികൂടുന്ന സമയത്തുതന്നെ പ്രസവത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.