കടൽക്കൊലക്കേസിൽ കേന്ദ്രത്തിന്റെ വീഴ്ച; വിധി പുനഃപരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി
Saturday, July 4, 2020 2:13 AM IST
തിരുവനന്തപുരം: രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിൽ അന്താരാഷ്ട്ര കോടതി മുന്പാകെ കേരളത്തിലെ യുഡിഎഫ് സർക്കാർ രജിസ്റ്റർ ചെയ്ത കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിൽ കേന്ദ്രസർക്കാർ കുറ്റകരമായ വീഴ്ച വരുത്തിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കൊലയാളികളായ നാവികരെ എല്ലാ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
കേന്ദ്രത്തിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടൽക്കൊല കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസി(യുഎൻസിഎൽഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂർണമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.
നേരത്തെ കൊലക്കേസ് ഒഴിവാക്കാൻ യുപിഎ, യുഡിഎഫ് സർക്കാരുകളിൽ വൻ സമ്മർദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോകുകയായിരുന്നു. കടൽക്കൊലക്കേസിൽ എല്ലാ നിയമവിരുദ്ധ നടപടികൾക്കുമെതിരേ കേസെടുക്കാൻ ഇന്ത്യക്ക് അധികാരവും അവകാശവുമുണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അന്നെടുത്ത നടപടിക്കു ലഭിച്ച അംഗീകാരമായിരുന്നു.
രണ്ടു മത്സ്യത്തൊഴിലാളികളുടെ ജീവന് ഒരു വിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.