കോവിഡ് സംശയിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു
Monday, July 13, 2020 11:52 PM IST
ഗാന്ധിനഗർ/കോട്ടയം: കോവിഡ് ആണെന്ന സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചേലത്താംപറന്പിൽ അബ്ദുൾ സലാമാ(72)ണു മരിച്ചത്.
പനിയെത്തുടർന്നു കഴിഞ്ഞ 26 നു കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൾ സലാമിനു വൈറൽ ന്യുമോണിയ ബാധിച്ചുവെന്ന നിഗമനത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ അബ്ദുൾ സലാമിന്റെ ആരോഗ്യനില മോശമാകുകയും ഇന്നലെ രാവിലെ 7.30നു മരണം സംഭവിക്കുകയു മായിരുന്നു.
ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സ്രവത്തിന്റെ പരിശോധനഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. മെഡിക്കൽ കോളജിൽ എത്തിയശേഷം രണ്ടുതവണ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതിന്റെ ഫലവും ലഭിച്ചിരുന്നില്ല. ഇവ എത്തിയശേഷമേ മരണം കോവിഡ് മൂലമാണോ എന്നു സ്ഥിരീകരിക്കാനാവൂ എന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കൊറോണ വിഭാഗം നോഡൽ ഓഫീസർ ഡോ. ആർ. സജിത് കുമാർ പറഞ്ഞു.