ഖുറാനെ വിവാദത്തിലാക്കിയത് കോണ്‍ഗ്രസും ലീഗുമെന്നു മുഖ്യമന്ത്രി
Sunday, September 20, 2020 12:53 AM IST
തിരുവനന്തപുരം: ഖുറാനെ വിവാദത്തിലാക്കിയത് മുസ്ലിംലീഗും കോണ്ഗ്രസുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഖുറാന്റെ മറവിൽ സ്വർണക്കടത്തു നടത്തിയെന്ന് ആരോപിച്ചത് ബിജെപിയും ആർഎസ്എസുമായിരുന്നു. അവർക്ക് അതിനു ലക്ഷ്യങ്ങളുണ്ട്. എന്നാൽ കോണ്‍ഗ്രസും ലീഗും അത് ഏറ്റുപിടിച്ചത് എന്തിനായിരുന്നു എന്നു സ്വയം ആലോചിക്കണം. ബിജെപിയുടെ ആരോപണത്തിനു പിന്നാലെ യുഡിഎഫ് കണ്‍വീനർ ഉൾപ്പെടെ പ്രധാനമന്ത്രിയെ കണ്ടു പരാതി നൽകി.
സ്വർണക്കടത്ത് പ്രശ്നത്തിൽ ഖുറാനെ വലിച്ചിഴച്ച് സിപിഎം വർഗീയത ഇളക്കി വിടുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു വിഭാഗത്തിൽ പെട്ട ന്യൂനപക്ഷത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ലീഗ് ഖുറാനെ വിവാദത്തിലാക്കാൻ പാടില്ലായിരുന്നു. അത് ആളുകളിൽ വികാരമുണ്ടാക്കാൻ ഇടയാക്കിയിട്ടുണ്ട്. അതു വർഗീയവികാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.