വെള്ളാപ്പള്ളിക്കെതിരായ ഹര്‍ജി തള്ളി
Wednesday, September 23, 2020 12:27 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേട് ആരോപണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നു കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനത്തിനും പ്രവേശനത്തിനുമായി വാങ്ങിയെടുത്ത പണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു തുറവൂര്‍ സ്വദേശി സി.പി. വിജയന് 2013ല്‍ സമര്‍പ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി. സോമരാജന് തള്ളിയത്.
ഇതേ ആരോപണം നേരത്തെ വിജിലന്‍സ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്പനി ലോ ബോര്‍ഡിലും കൊല്ലം സബ് കോടതിയിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു സമര്‍പ്പിച്ചിരുന്ന പല ഹർജികളും തള്ളിയിട്ടുണ്ടെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വെള്ളാപ്പള്ളി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.