ബാർ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും ഉമ്മൻ ചാണ്ടി: എ. വിജയരാഘവൻ
Saturday, September 26, 2020 12:26 AM IST
തിരുവനന്തപുരം: ബാർ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ. ബാർ കോഴ സമരം ശരിയായിരുന്നു എന്നുതന്നെയാണ് ഇടതുമുന്നണി കരുതുന്നതെന്നും മറിച്ചുള്ള വാദങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴയ്ക്കെതിരായ സമരത്തെ എൽഡിഎഫ് നിരാകരിച്ചുവെന്ന രീതിയിൽ ഒരു പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ബാർ കോഴക്കേസിൽ കെ.എം. മാണിയെ പ്രതിക്കൂട്ടിലേക്കു തള്ളിവിട്ടത് അദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. മാണിയുടെ കുടുംബത്തോട് മാപ്പു പറയേണ്ടത് ഉമ്മൻചാണ്ടിയാണെന്നും വിജയരാഘവൻ പറഞ്ഞു.
കേസിൽ കെ.എം. മാണിക്കെതിരെയുള്ള സമരം രാഷ്ട്രീയമായിരുന്നുവെന്നു പറഞ്ഞ ഇടതുമുന്നണി മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പു പറയണമെന്ന് ഉമ്മൻചാണ്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായാണ് വിജയരാഘവന്റെ പ്രതികരണം.