ലാല്‍ കോയിൽപ്പറമ്പില്‍ അന്തരിച്ചു
Friday, October 30, 2020 1:06 AM IST
ചേര്‍ത്തല: മത്സ്യത്തൊഴിലാളി നേതാവ് അര്‍ത്തുങ്കല്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ് കോയിൽപ്പറമ്പില്‍ ലാല്‍(70) അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നുരാവിലെ 10ന് അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍. ഭാര്യ: മിനി പീറ്റര്‍ (അധ്യാപിക, സെന്റ് ഫ്രാന്‍സീസ് ഹൈസ്കൂള്‍ അര്‍ത്തുങ്കല്‍). മക്കള്‍: നിധിയ (ന്യൂസിലാന്‍ഡ്), നിധിന് (ബംഗളൂരു), മരുമകന്: മിഥുന് ജാക്സണ് ആറാട്ടുകുളം.
കേരള തീരത്ത് ജൂൺ, ജൂലെെ, ഓഗസ്റ്റ് മാസങ്ങളിൽ യന്ത്രവൽകൃത ബോട്ടുകളുടെ ട്രോളിംഗ് നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ 1983ൽ ആരംഭിച്ച സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് ലാൽ മത്സ്യത്തൊഴിലാളികളുടെ നേതൃനിരയിലേക്കു വന്നത്.
1988 മുതൽ 1994 വരെ ഫെഡറേഷൻ പ്രസിഡന്റായിരുന്നു. ഇക്കാലത്ത് മത്സ്യമേഖലയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരം കൂടുതൽ ശക്തമായി. നീണ്ടകരയിൽ സമരക്കാർ ബോട്ട് കത്തിച്ചു. ഇതിന്റെ പേരിൽ അറസ്റ്റിലായ ലാലിനെ മാവേലിക്കര സബ് ജയിലിൽ അടച്ചു. 1996 ൽ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സംഘടനകൾ ചേർന്നുണ്ടാക്കിയ സംസ്ഥാന സമരസമിതിയുടെ ചെയർമാനായിരുന്നു ലാൽ.
1985- 90 കാലഘട്ടത്തിൽ കെസിവൈഎം ആലപ്പുഴ രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും ലാൽ പ്രവർത്തിച്ചിരുന്നു.