വടകരയിലല്ലാതെ മറ്റൊരിടത്തും പ്രചാരണത്തിനു പോകില്ല: നിലപാട് ആവര്‍ത്തിച്ച് കെ. മുരളീധരന്
Monday, January 18, 2021 1:05 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിനു മാത്രമാണെന്നും പുനഃസംഘടനയെക്കുറിച്ചു പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നും കെ. മുരളീധരന് എംപി. എക്സ് മാറി വൈ വന്നതു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്നു പറഞ്ഞുകഴിഞ്ഞു.
വേറൊന്നും അക്കാര്യത്തില്‍ പറയാനില്ല. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലല്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്വം നേതൃത്വത്തിനു തന്നെയാണ്. കൂട്ടായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ എന്ന് തീരുമാനിക്കേണ്ടതു പാർട്ടിയാണ്.തെരഞ്ഞെടുപ്പു ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമായിരിക്കും.തനിക്കൊരു ഉത്തരവാദിത്വവും വേണ്ടെന്നും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുരളീധരന് പറഞ്ഞു. ആര്‍എംപിയുമായുള്ള ബന്ധം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തിന് ഗുണം ചെയ്തു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വടകരയിലെ ഏഴു നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചാരണത്തിന് പോകുന്നില്ലെന്നും ഉറച്ച തീരുമാനമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.