സിഎജി വിവാദം; ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീന്‍ചിറ്റ്
Thursday, January 21, 2021 12:56 AM IST
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിന് മുമ്പ് പുറത്തു ചര്‍ച്ചയാക്കിയ സംഭവത്തില്‍ ധന മന്ത്രിക്കെതിരേ നല്കിയ അവകാശ ലംഘന നോട്ടീസില്‍ മന്ത്രി തോമസ് ഐസക്കിന് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ്. എ. പ്രദീപ്കുമാര്‍ ചെയര്‍മാനായ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.പ്രതിപക്ഷാംഗം വി.ഡി. സതീശന് ധനമന്ത്രിക്കെതിരെ നല്കിയ അവകാശ ലംഘന നോട്ടീസില്‍ കഴമ്പില്ലെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതിപക്ഷാംഗങ്ങളായ വി.എസ്. ശിവകുമാര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ വിയോജനത്തോടെയാണ് റിപ്പോര്‍ട്ട്.
ഇടതംഗങ്ങളായ ജോര്‍ജ് എം. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി.കെ.സി. മമ്മത് കോയ, ഡി.കെ. മുരളി, ടി. ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ ധനമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചു.
ധനമന്ത്രി അവകാശ ലംഘനം നടത്തിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമായിരുന്നു സതീശന്റെ നോട്ടീസ്. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ ധനമന്ത്രി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതായി എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി ചട്ടവിരുദ്ധമായി പെരുമാറിയെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സിഎജിയുടെ ഭാഗത്ത് നിന്ന് കീഴ്വഴക്കങ്ങളുടെ ലംഘനമുണ്ടായെന്നും അസാധാരണ സാഹചര്യം സൃഷ്ടിച്ചു എന്ന് ധനമന്ത്രി പറയുന്നത് ശരിയാണെന്നും എത്തിക്സ് കമ്മിറ്റി വിലയിരുത്തി.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇടയായ അവസ്ഥാവിശേഷങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരരുതെന്നും സര്‍ക്കാരും സിഎജിയുടെ ഓഫീസും നിയമസഭയും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തേണ്ടത് ക്രിയാത്മകമായ ജനാധിപത്യ പ്രക്രിയയ്ക്ക് അനിവാര്യമാണെന്നും എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.