പമ്പയിലെ മണല്‍ നീക്കം: വിജിലന്‍സ് കോടതിയുടെ ഉത്തരവിന്മേലുള്ള സ്റ്റേ നീട്ടി
Friday, February 26, 2021 12:06 AM IST
കൊച്ചി: പമ്പയിലെ മണല്‍ നീക്കത്തില്‍ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ഹര്‍ജിയില്‍ 2020 സെപ്റ്റംബര്‍ 15നാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള പൊതുസേവകര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും ഇതു കണക്കിലെടുക്കാതെ വിജിലന്‍സ് കോടതി നല്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്.