സോഷ്യൽ സർവീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു
Friday, March 5, 2021 12:36 AM IST
തെള്ളകം: കുടുംബത്തിലും സമൂഹത്തിലും ഭരണതലത്തിലും സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാളിത്തം അനിവാര്യമാണെന്ന് മാർ ജോസ് പുളിക്കൽ.
കേരള സോഷ്യൽ സർവീസ് ഫോറം ദർശനുമായിചേർന്ന് നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം സ്ത്രീകളുടെ പ്രവർത്തന മികവ് തെളിയിച്ച കാലഘട്ടമാണെന്നും ആധുനിക സാങ്കേതിക വിദ്യകളുടെ വൈദഗ്ധ്യ രംഗത്ത് പെണ്‍കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവിദൂരമല്ലാതെ തുല്യമായ അവസരങ്ങളും സാധ്യതകളും സംജാതമാകുമെന്ന് കരുതാമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ആരോഗ്യ പരിപാലന രംഗത്തും സാമൂഹ്യ സേവന രംഗത്തും ഈ കാലയളവിൽ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളിലൂടെ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച 29 വനിതാ പ്രവർത്തകരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജെപിഡി കമ്മീഷൻ അവാർഡുനല്‍കി ആദരിച്ചു.
ദർശൻ പ്രസിഡന്റ് ആശാ ദാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എഡിഎം ഇ.പി. മേഴ്സി മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് മുഖ്യാതിഥിയായിരുന്നു. ഡോ. ആർ. ശ്രീനാഥ് സെമിനാർ നയിച്ചു.
ടീം ലീഡർ സിസ്റ്റർ ജെസീന, കേരളാ സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, റാണി ചാക്കോ എന്നിവർ പ്രസംഗിച്ചു.